പി.ജിക്ക് വർഗീയ പാഠങ്ങൾ: രണ്ടാംദിനവും പ്രതിഷേധം കനത്തു
text_fieldsകണ്ണൂർ സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ വാഹനം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകൾ തടയുന്നു
കണ്ണൂർ: കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ വർഗീയ പാഠങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അലയടിച്ചു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെയും സർവകലാശാലക്കെതിരെയും കൂടുതൽ സംഘടനകൾ പ്രതിഷേധവുമായെത്തി. സർവകലാശാല പ്രധാന കവാടത്തിന് മുന്നിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ േനതൃത്വത്തിൽ തടഞ്ഞു.
പ്രതിഷേധക്കാർ അര മണിക്കൂറോളം വി.സിയെ വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ സമ്മതിച്ചില്ല. തുടർന്ന് പൊലീസെത്തിയാണ് വി.സിയെ ഓഫിസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി പ്രക്ഷോഭത്തിന് നേതൃത്വം നൽകി. ജില്ല പ്രസിഡൻറ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു.
എ.ഐ.എസ്.എഫ്, കാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും സർവകലാശാലയിലേക്ക് മാർച്ച് നടത്തി. സർവകലാശാല അധികൃതരുടെയും സർക്കാറിെൻറയും നിലപാടുകൾ അങ്ങേയറ്റം പ്രതിഷേധാർഹവും നാണക്കേടുമാണെന്ന് സോളിഡാരിറ്റി ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു.
സിലബസ് പിൻവലിക്കാൻ അധികൃതർ ഉടൻ തയാറാകണം. യോഗത്തിൽ ജില്ല പ്രസിഡൻറ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ഭരിക്കുന്ന സർവകലാശാല യൂനിയൻ സിലബസിനെ അംഗീകരിച്ചെങ്കിലും ഇടത് വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി. സർവകലാശാലയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ നേതാവ് വി.കെ. സുരേഷ്ബാബു പറഞ്ഞു. വർഗീയതയുടെ വികാരം കുത്തിവെക്കാൻ സിലബസ് കമ്മിറ്റി കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു.