മന്ത്രിയുടെ ചടങ്ങ് ബഹിഷ്കരിച്ച്സി.ഐ.ടി.യു; ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മന്ത്രി
text_fieldsകെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു എത്തിയപ്പോൾ. സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളികൾ പരിപാടി ബഹിഷ്കരിച്ചതിനെ തുടർന്ന് സദസ്സിലെ ഒഴിഞ്ഞ കസേരകളും സുരക്ഷക്കായുള്ള പൊലീസ് ഉദ്യോഗസ്ഥരും
കണ്ണൂർ: കെ.എസ്.ആര്‍.ടി.സി കണ്ണൂർ ഡിപ്പോയിലെ നവീകരിച്ച യാര്‍ഡിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് തൊഴിലാളികൾ. ഗതാഗത മന്ത്രി ആന്‍റണി രാജു പങ്കെടുത്ത പരിപാടിയാണ് പ്രതിപക്ഷ സംഘടനകൾക്കൊപ്പം ഭരണപക്ഷ തൊഴിലാളി യൂനിയനുമായ സി.ഐ.ടി.യുവും ബഹിഷ്കരിച്ചത്.
കൂടാതെ മന്ത്രി ആന്റണി രാജുവിനെ തൊഴിലാളി യൂനിയനുകള്‍ ബഹിഷ്‌കരിച്ച് കരിങ്കൊടി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതേതുടര്‍ന്ന് സദസ്സിലും വേദിക്ക് ചുറ്റിലും നിറയെ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ 11ന് ഉദ്ഘാടന ചടങ്ങ് തുടങ്ങും മുമ്പ് തന്നെ 25 വനിത പൊലീസുകാരടക്കം 75 ഓളം പൊലീസുകാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തി.
അതിരാവിലെ വന്‍ പൊലീസ് സന്നാഹവും ഏഴോളം പൊലീസ് വാഹനവും ഡിപ്പോ പരിസരത്ത് നിറഞ്ഞതോടെ യാത്രക്കാരടക്കമുള്ളവര്‍ അമ്പരന്നു. മന്ത്രിക്കുള്ള സുരക്ഷയാണെന്ന് അറിഞ്ഞതോടെയാണ് സംശയങ്ങള്‍ നീങ്ങിയത്.
ടൗണ്‍ സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം മന്ത്രിയുടെ ചടങ്ങിന് സുരക്ഷയൊരുക്കിയത്.
യാര്‍ഡിന്റെ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുംവരെ പൊലീസ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് ചുറ്റിലും നിലയുറപ്പിച്ചു.
തൊഴിലാളി യൂനിയനുകള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സദസ്സില്‍ വിരലിലെണ്ണവുന്ന പൊതുജനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി കസേരകളില്‍ മാധ്യമപ്രവര്‍ത്തകരും പൊലീസും മാത്രമാണ് ഉണ്ടായിരുന്നത്.
ചടങ്ങ് തൊഴിലാളികൾ ബഹിഷ്കരിച്ചത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മന്ത്രി പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.