ക്രിസ്തുമസ്-പുതുവത്സരാഘോഷം; ലഹരിക്ക് തടയിടാൻ എക്സൈസ്
text_fieldsകണ്ണൂർ: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ എക്സൈസ്. ജനുവരി മൂന്നുവരെ തീവ്രയജ്ഞ പരിശോധന നടത്തും. കണ്ണൂർ അസി. എക്സൈസ് കമീഷണറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫിസിൽ പ്രവർത്തനം തുടങ്ങി. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ എക്സൈസ് പ്രിവന്റിവ് ഓഫിസറുടെ നേതൃത്വത്തിൽ അതാത് സമയം തുടർനടപടി സ്വീകരിക്കും.
ജില്ലയിലെ താലൂക്ക് പരിധികളിൽ എക്സൈസ് സി.ഐമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകളും പ്രവർത്തിക്കുന്നു. എക്സൈസ് ഇൻസ്പെക്ടർ, രണ്ട് പ്രിവന്റിവ് ഓഫിസർമാർ, മൂന്നു സിവിൽ എക്സൈസ് ഓഫിസർമാർ, ഡ്രൈവർ എന്നിവർ വാഹനത്തിൽ പരിശോധന നടത്തും. ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി സംയുക്ത പരിശോധനയും നടത്തും. ജില്ലയിലെ 12 റെയിഞ്ചുകളിലും രണ്ടുവീതം പ്രിവന്റിവ് ഓഫിസർ/സിവിൽ എക്സൈസ് ഓഫിസർ എന്നിവർ ഉൾപ്പെടുന്ന ഇന്റലിജൻസ് ടീമിനെ നിയോഗിച്ച് വ്യാജമദ്യ നിർമാണവും വിതരണവും ശേഖരങ്ങളും കണ്ടെത്തി നടപടി സ്വീകരിക്കും. സ്ഥിരം കുറ്റവാളികൾക്കെതിരെയും നടപടിയുണ്ടാവും.
ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ വ്യാജമദ്യ, മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നതിനാൽ ഇവരുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണവും പരിശോധനയും നടത്തും. നിയോജക മണ്ഡലം, താലൂക്ക്, പഞ്ചായത്തുതലത്തിൽ ജനകീയ കമ്മിറ്റികൾ വിളിച്ചുചേർത്ത് ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരിൽനിന്നും കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കും.
അതിർത്തി പ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ഡ്രഗ്സ് കൺട്രോൾ, കർണാടക എക്സൈസ്/പൊലീസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. വിവിധ ലൈസൻസ് സ്ഥാപനങ്ങളിൽനിന്നും രാസപരിശോധനകൾക്കുള്ള സാമ്പിളുകൾ ശേഖരിക്കും. മദ്യവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികൾ താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കാം. വിവരം നൽകുന്നവർക്ക് ആകർഷകമായ സമ്മാനം നൽകും. വിവരങ്ങൾ നൽകുന്നവരുടെ ഫോൺ നമ്പറുകൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും എക്സൈസ് അറിയിച്ചു. ഫോൺ: 04972 706698, 1800 425 6698, 155358.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

