ചിറക്കൽ റെയിൽവേ സ്റ്റേഷൻ 25 മുതൽ ഓർമകളിൽ മാത്രം; സ്റ്റേഷനിൽ ഇതുവരെ നിർത്തിവന്ന ട്രെയിനുകൾ ഞായറാഴ്ച മുതൽ നിർത്തില്ല
text_fieldsഅടച്ചു പൂട്ടാൻ ഉത്തരവിട്ട ചിറക്കൽ റെയിൽവേ സ്റ്റേഷൻ
ചിറക്കൽ: ചിറക്കൽ റെയിൽവേ സ്റ്റേഷൻ ഇന്നും നാളെയും കഴിഞ്ഞാൽ വിസ്മൃതിയിലേക്ക് മറയും. പാലക്കാട് ഡിവിഷനൽ മാനേജരുടെ ഉത്തരവിൽ ഞായറാഴ്ച മുതൽ ചിറക്കൽ സ്റ്റേഷൻ അടച്ചിടാനാണ് പറയുന്നത്. ഇതിന്റെ ഫലമായി ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ ഇതുവരെ നിർത്തിവന്ന ട്രെയിനുകൾ ഞായറാഴ്ച മുതൽ നിർത്തില്ല. നിലവിൽ രാവിലെ 7.45 കണ്ണൂർ-മംഗലാപുരം, വൈകീട്ട് 5.30നുള്ള കണ്ണൂർ-ചെറുവത്തൂർ, രാത്രി 7.30നുള്ള മംഗലാപുരം-കണ്ണൂർ എന്നീ വണ്ടികൾ മാത്രമാണ് ചിറക്കൽ സ്റ്റേഷനിൽ നിർത്തുന്നത്.
രാവിലെയും വൈകുന്നേരവുമായി ദിനം പ്രതി യാത്ര ചെയ്തുവരുന്ന യാത്രക്കാരും സർക്കാർ ജോലിക്കാരും ഇനി യാത്രക്ക് ബദൽ സംവിധാനം കണ്ടെത്തേണ്ടിവരും. വർഷങ്ങളായി ടിക്കറ്റുകൾ വിൽപന നടത്തി വരുന്നത് സ്വകാര്യ ഏജൻസി മുഖാന്തരമാണ്. മംഗലാപുരം മണിപ്പാൽ എന്നിവിടങ്ങളിലെ ആശുപത്രികളിലും കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനും പോകുന്നവരാണ് ഇവിടെനിന്നുള്ള യാത്രക്കാരിൽ ഏറെയും. ബസ് സൗകര്യമില്ലാത്ത അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, അലവിൽ, പൂതപ്പാറ, പുതിയാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമാണ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ.
കമീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഹാൾട്ടിങ് സ്റ്റേഷനിലെ ഏക വനിത ജീവനക്കാരിക്ക് തുച്ചമായ കമീഷൻ മാത്രമാണ് ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചു വരുന്നത്. കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ് അനുവദിച്ചാൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് ഇവർ പറയുന്നത്. ഇനി അവശേഷിക്കുന്ന ടിക്കറ്റുകൾ കണ്ണൂർ റെയിൽവേ ഓഫിസിൽ തിരികെ ഏൽപ്പിക്കണം. ഇങ്ങനെ ഏൽപ്പിക്കുന്ന ടിക്കറ്റിന്റെ തുക എന്നുതിരിച്ചുകിട്ടുമെന്ന് പറയാൻ പറ്റില്ലെന്നാണ് ഇവർ പറയുന്നത്. കേവലം മൂന്ന് വണ്ടികൾ മാത്രം നിർത്തുന്നതിനാലാണ് യാത്രക്കാർ കുറയാൻ കാരണം.
രണ്ടു പ്ലാറ്റ് ഫോമുകൾ തമ്മിൽ രണ്ടുമീറ്റർ ഉയര വ്യത്യാസമുണ്ട് സ്റ്റേഷനിലെ ഇരിപ്പിടങ്ങൾ രണ്ടു മാസം മുമ്പേ റെയിൽവേ വകുപ്പ് കൊണ്ടു പോയിരുന്നു. പുതിയത് കൊണ്ടു വന്നില്ല. ചിറക്കലിൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾ നിർത്താനും നവീകരിക്കാനും ആവശ്യപ്പെട്ടു ജനപ്രതിനിധികൾക്കും കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും നിരവധി നിവേദനങ്ങൾ നൽകിയതായി സേവ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം. പ്രമോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

