മുഖംമാറാൻ ഒരുങ്ങി ചിറക്കൽ ചിറ
text_fieldsനവീകരണവുമായി ബന്ധപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ചിറക്കൽ ചിറ സന്ദർശിക്കുന്നു
ചിറക്കൽ: ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയമായ ചിറക്കൽ ചിറയുടെ നവീകരണ പ്രവൃത്തി പുനരാരംഭിക്കാൻ തീരുമാനം. കാലവർഷവും കോവിഡും കാരണം നിന്നുപോയ പ്രവൃത്തി ഏപ്രിൽ 15നകം പൂർത്തിയാക്കും. ചിറ നവീകരണവുമായി ബന്ധപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എ ചിറക്കലിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
കൃത്യമായി പദ്ധതി തയാറാക്കി ഫെബ്രുവരി 15ന് പ്രവൃത്തി തുടങ്ങും. ചിറയുടെ നവീകരണ പ്രവൃത്തി 2020 ജനുവരിയാണ് ആരംഭിച്ചത്. 2.3 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പ്രവൃത്തി മുന്നോട്ടുപോകുന്ന സമയത്താണ് കലാവർഷമാരംഭിച്ച് പൂർത്തിയാക്കാൻ സാധിക്കാതെ തടസ്സപ്പെട്ടത്. പിന്നാലെ കോവിഡുമെത്തി. ചിറയിലെ ചളിമണ്ണ് മുഴുവനെടുത്ത് അരികുഭിത്തി കെട്ടുന്നതടക്കമുള്ള പ്രവൃത്തികളാണ് തുടങ്ങുക. സമയബന്ധിതമായി പൂർത്തിയാക്കാനും ആഴ്ചയിൽ ഒരുതവണ പ്രവൃത്തി പരിശോധിക്കാനും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി.
യോഗത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രുതി, വൈസ് പ്രസിഡൻറ് അനിൽ കുമാർ, മൈനർ ഇറിഗേഷൻ ഇ.ഇ കെ. ഗോപകുമാർ, എ.ഇ പി. ഷംന, പി.ടി. ബിനോയ്, നിർമാണ പ്രതിനിധി അനൂപ് എന്നിവരും പങ്കെടുത്തു.