ലഹരി മാഫിയക്കെതിരെ 'മേയറു'ടെ മുന്നറിയിപ്പ്; കൈയടിച്ച് 'കൗൺസിലർമാർ'
text_fieldsകണ്ണൂർ കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന വിദ്യാർഥികളുടെ മോക് കൗൺസിൽ
കണ്ണൂർ: കാമ്പസ്, സ്കൂൾ പരിസരത്ത് ശക്തമാകുന്ന ലഹരി മാഫിയക്കെതിരെയും കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെയും ജനകീയ ഇടപെടൽ അനിവാര്യമാണെന്ന 'മേയറു'ടെ മുന്നറിയിപ്പ് 'കൗൺസിലർമാർ' കൈയടിച്ച് ഐകകണ്ഠ്യേന അംഗീകരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ 'കൗൺസിൽ യോഗ'ത്തിൽ നടന്ന ചർച്ച വാഗ്വാദങ്ങൾക്ക് വേദിയായി.
ആസാദി കാ അമൃത് മഹോത്സവത്തിെൻറ ഭാഗമായി കണ്ണൂർ കോർപറേഷെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ മോക്ക് കൗൺസിൽ യോഗമാണ് വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ചർച്ചയിലൂടെ സജീവമായത്. കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ കണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി പി. സമൃജ അവതരിപ്പിച്ച അടിയന്തരപ്രമേയം ഏകകണ്ഠമായി അംഗീകരിച്ചുകൊണ്ടാണ് കൗൺസിൽ യോഗം ആരംഭിച്ചത്.
കാമ്പസ്, സ്കൂൾ പരിസരത്ത് ശക്തമാകുന്ന ലഹരി മാഫിയക്കെതിരെ നടപടി വേണമെന്നായിരുന്നു യോഗത്തിലെ അടിയന്തര പ്രമേയം. ലഹരി ഉപഭോഗം കുട്ടികളിലടക്കം വർധിക്കുന്നതായും ഇതിനെതിരെ നിയമ നിർമാണം നടത്തണമെന്നും മറ്റു കൗൺസിലർമാർ അറിയിച്ചു.
ഓൺലൈൻ പഠനത്തിെൻറ മറവിൽ മിക്ക കുട്ടികളും ഓൺലൈനിലെ ചതിക്കുഴിയിലടക്കം പെട്ടുഴലുകയാണെന്നും 'കൗൺസിലർമാർ' ആശങ്ക പങ്കുവെച്ചു. മാലിന്യ സംസ്കരണം, റോഡ് അറ്റകുറ്റപ്രവൃത്തി, തെരുവ് നായ് ശല്യം, ഉറവിട മാലിന്യ സംസ്കരണം, കന്നുകാലി ശല്യം, ഊർജ സംരക്ഷണം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെല്ലാം യോഗത്തിൽ വിദ്യാർഥികളുടെ സജീവ ചർച്ചയായി. പള്ളിക്കുന്ന് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർഥി എം. കാർത്തിക് മേയറായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എളയാവൂർ സി.എച്ച്.എം ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഷിഫാ നൗറിൻ ഡെപ്യൂട്ടി മേയർ ആയിരുന്നു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായി വി. യൂസഫ്, കെ.പി. റിഷിക, വി. യൂനുസ്, സ്വാലിഹ് ബിലാൽ, സന അബ്ദുൽസലാം, ടി.വി. തമീം, ഇ. റിതിക എന്നിവരും കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.
കോർപറേഷൻ പരിധിയിലെ 14 സ്കൂളുകളിൽനിന്നായി 55 വിദ്യാർഥികളാണ് മോക് കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്. ഇത് സംബന്ധിച്ച് വിദ്യാർഥികൾക്ക് നേരത്തേ പരിശീലനവും കൗൺസിൽ നടപടികൾ മനസ്സിലാക്കുന്നതിന് അവസരവും നൽകിയിരുന്നു.
മേയർ അഡ്വ ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, പി. ഷമീമ, അഡ്വ. പി. ഇന്ദിര, പരിപാടിയുടെ കോഓഡിനേറ്റർ കെ.വി. തമ്പാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിക്കുശേഷം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മേയർ നിർവഹിച്ചു.