കുരുന്നുകളുടെ പഠനം ഇനി ഹൈടെക്ക്
text_fieldsഹൈടെക്കായ പാപ്പിനിശ്ശേരി പാറക്കൽ അംഗൻവാടി
കണ്ണൂർ: എൽ.സി.ഡി പ്രോജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതികൾ. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്‌ക്രീനിൽ കണ്ട് രസിക്കാനും പഠിക്കാനുമുള്ള അവസരം. ലാപ്ടോപ്പും പ്രോജക്ടറും നൽകുന്ന പദ്ധതിയിലൂടെ അംഗൻവാടിയെന്ന പഴയ സങ്കൽപം അടിമുടി മാറ്റുകയാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്.
പാപ്പിനിശ്ശേരിയിൽ 19 അംഗൻവാടികളാണുള്ളത്. ഇതിൽ ആറെണ്ണം സ്മാർട്ടും ഒമ്പതെണ്ണം ഹൈടെക്കുമാണ്. നിറപ്പകിട്ടാർന്ന ചുവരുകൾ, ഇന്ററാക്ടിവ് ബോർഡ്, നോട്ടീസ് ബോർഡ്, ഡിജിറ്റൽ തെർമോമീറ്റർ, ഓട്ടോമാറ്റിക് സാനിറ്റെസർ ഡിസ്പെൻസർ, ടെലിവിഷൻ, ഫാൻ, കളിക്കോപ്പുകളോടുകൂടിയ കളിസ്ഥലം, ശിശുസൗഹൃദ ശുചിമുറി തുടങ്ങിയവയാണ് സ്മാർട്ട് അംഗൻവാടികളിൽ ഉള്ളത്. ഈ പദ്ധതിക്ക് പുറമെയാണ് മുഴുവൻ അംഗൻവാടികളിലും പ്രോജക്ടർ, സ്‌ക്രീൻ, സ്പീക്കർ എന്നിവ നൽകി ഹൈടെക്കാക്കുന്നത്. പാറക്കൽ, പാപ്പിനിശ്ശേരി വെസ്റ്റ്, കരിക്കൻകുളം, റെയിൽവേ ഗേറ്റ്, കാട്യം എന്നീ അംഗൻവാടികൾക്ക് ലാപ്ടോപ്പും പ്രോജക്ടറും നൽകി. ബാക്കിയുള്ളവക്ക് ഉടൻ നൽകും.
4.2 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. സുശീല പറഞ്ഞു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താൻ മുഴുവൻ അംഗൻവാടികൾക്കും അഞ്ച് സ്‌കൂളുകൾക്കും വാട്ടർ പ്യൂരിഫെയറും ഗ്രാമപഞ്ചായത്ത് നൽകിയിട്ടുണ്ട്.