സിന്തറ്റിക് ട്രാക്കിലൂടെ ഓടിയ കുട്ടികൾക്ക് കാലിന് പൊള്ളലേറ്റു
text_fieldsതലശ്ശേരി: നഗരസഭ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ സ്കൂൾ കായിക മേളക്കിടെ ഒമ്പത് കുട്ടികൾക്ക് കാലിന് പൊള്ളലേറ്റു. തിങ്കളാഴ്ച്ച സ്റ്റേഡിയത്തിൽ ആരംഭിച്ച മട്ടന്നൂർ ഉപജില്ല കായിക മേളക്കിടെയാണ് സംഭവം. ഓട്ട മത്സരത്തിൽ പങ്കെടുത്ത ഒമ്പത് കുട്ടികൾക്കാണ് തീക്ഷ്ണമായ വേനലിൽ കാലിന് പൊള്ളലേറ്റത്. 400 മീറ്റർ ഓട്ടം മത്സരത്തിൽ ഷൂ ധരിക്കാതെ ഓടിയ കുട്ടികളാണ് മത്സരത്തിനൊടുവിൽ പൊള്ളലേറ്റത്. ഏഴാംതരം വിദ്യാർഥികളായ മെരുവമ്പായി യു.പി സ്കൂളിലെ സൂര്യകിരൺ, മുട്ടന്നൂർ യു.പി സ്കൂളിലെ പി.പി. ശിവന്യ, യു.പി. ശിവനന്ദ, ആര്യ, കെ. മുഹമ്മദ്, ആർ. അഭിനവ്, വേങ്ങാട് മാപ്പിള യു.പി സ്കൂളിലെ ആയിഷ ജംഷീർ, ശിവപുരം എച്ച്.എസ്.എസിലെ കെ. ഷിയോണ, ആറാം ക്ലാസ് വിദ്യാർഥിനി കെ.വി. ചൈതന്യ എന്നിവർക്കാണ് പൊള്ളലേറ്റത്.
സ്റ്റേഡിയത്തിൽ രണ്ടു ദിവസമായി നടക്കുന്ന കായികമേളയിൽ തിങ്കളാഴ്ച രാവിലെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ഉച്ചക്ക് 12.30നാണ് സംഭവം. മത്സരത്തിനിടെ കാലിൽ പൊള്ളലേറ്റ വിദ്യാർഥികൾ അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് ഇവരെ സ്റ്റേഡിയത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഐസ് കട്ടയും ഓയിൻമെന്റും വെച്ചുമാണ് വിദ്യാർഥികളുടെ കാലിന്റെ നീറ്റലകറ്റിയത്. സിന്തറ്റിക് ട്രാക്കിൽ ഷൂസ്, സ്പൈക്ക് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഓടണമെന്നാണ് നിയമം. എന്നാൽ, ജൂനിയർ വിഭാഗം വിദ്യാർഥികൾ ഭൂരിഭാഗവും ഇവ ഉപയോഗിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

