അവർ നടന്നു, പ്രകൃതിയെ അറിയാൻ....
text_fieldsകൊയ്യം കീയച്ചാൽ വിനോദ് സ്മൃതി വായനശാല സംഘടിപ്പിച്ച തണൽ നടത്തം
ശ്രീകണ്ഠപുരം: കുന്നിറങ്ങി, പാടവരമ്പിലൂടെ അവർ നടന്നു, പുഴയോരത്തേക്ക്. കൃഷിയുടെ പച്ചപ്പും ഗ്രാമ ജീവിതത്തിന്റെ നന്മകളും അടുത്തറിഞ്ഞ യാത്ര വേറിട്ട അനുഭവമായിരുന്നു ഓരോരുത്തർക്കും. കൊയ്യം കീയച്ചാൽ വിനോദ് സ്മൃതി വായനശാല ബീ ഫിറ്റ് കൂട്ടായ്മയുടെ സഹകരണത്തോടെയാണ് കേരളപ്പിറവി ദിനത്തിൽ വേറിട്ട തണൽ നടത്തം സംഘടിപ്പിച്ചത്. പരിപാടിയിൽ 30 കുട്ടികളടക്കം 60 ലധികം പേർ പങ്കെടുത്തു. അറിവിന്റെ പുതിയ വഴികൾ തേടി കുട്ടികളും മുതിർന്നവരുമടങ്ങുന്ന സംഘം പ്രകൃതിയിലേക്കിറങ്ങി ചെല്ലുകയായിരുന്നു. യാത്രയിൽ തെങ്ങ്, നെല്ല്, മരച്ചീനി, വാഴ തുടങ്ങി വിവിധ കൃഷികൾ നേരിൽ കണ്ടും കർഷകരുടെ അനുഭവങ്ങൾ കേട്ടും പങ്കെടുത്തവർ ഗ്രാമീണ കാർഷിക ജീവിതത്തിന്റെ വൈവിധ്യം തൊട്ടറിഞ്ഞു. നഗര ജീവിതത്തിന്റെയും ഡിജിറ്റൽ ലോകത്തിന്റെയും തിരക്കുകൾക്കിടയിൽ പ്രകൃതിയുമായി സംവദിക്കാനും കൃഷിയെ അടുത്തറിയാനും അവസരമൊരുക്കിയ യാത്ര കുട്ടികൾക്ക് നവ്യാനുഭവമായി.
പാഠപുസ്തകങ്ങളിൽ മാത്രം പരിചയിച്ചിരുന്ന കൃഷിരീതികളും വിളകളും നേരിൽ കാണാനായതിന്റെ കൗതുകം കുട്ടികളിൽ പ്രകടമായിരുന്നു. നെൽ വയലുകളിലൂടെ നടന്നപ്പോൾ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വയൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് മുതിർന്നവർ അറിവു പകർന്നു. വിവിധ വിളകൾ ഭക്ഷ്യ സുരക്ഷയിൽ വഹിക്കുന്ന പങ്കും കൃഷിയുമായി ബന്ധപ്പെട്ട അധ്വാനവും അവർ തിരിച്ചറിഞ്ഞു. കൃഷി എന്നത് വിളകൾ ഉൽപ്പാദിപ്പിക്കുന്ന പ്രവൃത്തി മാത്രമല്ലെന്നും മണ്ണിനെയും ജലത്തെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ജീവിതരീതിയാണെന്നും യാത്ര ഓർമിപ്പിച്ചു. കർഷകരുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചത് യാത്രയുടെ പ്രധാന ആകർഷണമായി.
പഴയ ഗ്രാമീണ ജീവിതത്തിന്റെയും കാർഷിക സംസ്കാരത്തിന്റെയും ഓർമകൾ പുതുക്കാനുള്ള അവസരമായി യാത്രയെ മുതിർന്നവർ കണ്ടു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, കർഷകരെ ആദരിക്കുക, ഭക്ഷണത്തിന്റെ മൂല്യം തിരിച്ചറിയുക, കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് ‘തണൽ നടത്തം’ മുന്നോട്ടു വച്ചത്. കൊയ്യം ചെക്കിക്കടവ് പാലത്തിന് സമീപത്തെ പുഴയോരത്തായിരുന്നു തണൽ നടത്തം അവസാനിച്ചത്. മീനുകളെ പിടിച്ച് ഒരു തോണി വന്നപ്പോൾ പുഴ മത്സ്യങ്ങളെ കാണാനായത് കുട്ടികളിൽ മറ്റൊരു കൗതുകമായി. പുഴയിലിറങ്ങി വെള്ളത്തിൽ കളിച്ചും വെള്ളം തെറിപ്പിച്ചും യാത്രയെ അവർ കൂടുതൽ അവിസ്മരണീയമാക്കി. കർഷകനായ മല്ലിക്കുന്നൻ ശശി, പൊതുപ്രവർത്തകനും അധ്യാപകനുമായിരുന്ന ടി.ബാലകൃഷ്ണൻ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് അംഗം ടി. രാജ്കുമാർ എന്നിവർ യാത്രാംഗങ്ങളുമായി സംവദിച്ചു. എം. നിതേഷ് കുമാർ, എൻ.വി. പ്രമോദ്, പി.പി. വിജേഷ്, എം.മുകുന്ദൻ, കെ. ഷജിത്ത്, എ. സജിത്ത് എന്നിവർ തണൽ നടത്തത്തിന് നേതൃത്വം നൽകി.

