നഗരമാലിന്യം ഗ്രാമവീഥികളിൽ
text_fieldsചെറുപുഴ: നഗരമാലിന്യം ഗ്രാമപ്രദേശങ്ങളില്‍ കൊണ്ടുവന്നുതള്ളിയതിനെതിരെ പ്രതിഷേധമുയരുന്നു. കഴിഞ്ഞരാത്രിയില്‍ തേര്‍ത്തല്ലി കൂടപ്രം കക്കോട് റോഡിലും പുളിങ്ങോം കോഴിച്ചാല്‍ റോഡില്‍ കാര്യങ്കോട് പുഴക്കുസമീപവും ലോഡ് കണക്കിന് മാലിന്യമാണ് വാഹനങ്ങളില്‍ കൊണ്ടുവന്നു തള്ളിയത്.
കണ്ണൂര്‍ നഗരത്തില്‍നിന്ന് ശേഖരിച്ച മാലിന്യം വാഹനങ്ങളില്‍ കയറ്റി രാത്രിയുടെ മറവില്‍ ഗ്രാമപാതയുടെ ഓരങ്ങളില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഒന്നിലധികം വാഹനങ്ങളിലാണ് മാലിന്യമെത്തിച്ചതെന്നു സൂചനയുണ്ട്. കണ്ണൂര്‍ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ബിൽബുക്കുകള്‍ ഉള്‍പ്പെടെയുള്ള പേപ്പര്‍ മാലിന്യവും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും നെയിംബോര്‍ഡുകളും വരെ മാലിന്യക്കൂമ്പാരത്തിലുണ്ടായിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചെറുടൗണുകളില്‍ രാത്രിയാകുംമുമ്പ് ആളുകള്‍ ഒഴിയുന്നത് തക്കംപാര്‍ത്തിരുന്നാണ് മാലിന്യവണ്ടികള്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിത്തിരിയുന്നത്. നഗരങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും പണം വാങ്ങി മാലിന്യം ശേഖരിക്കുന്നവരാണ് ഇത്തരം സമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നു കരുതുന്നു. സ്വതവേ ശുചിത്വമുള്ള ഗ്രാമപ്രദേശങ്ങളെ കുപ്പത്തൊട്ടിയാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു. മാലിന്യം തള്ളിയ വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

