ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി ചര്‍മമുഴ രോഗം
text_fieldsചര്‍മമുഴ രോഗം ബാധിച്ച പശു
ചെറുപുഴ: മലയോരത്തെ ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി പശുക്കളില്‍ സാംക്രമിക രോഗമായ ചർമമുഴ പടരുന്നു. ലംഫി സ്കിന്‍ ഡിസീസ് എന്നറിയപ്പെടുന്ന ഈ രോഗം ഈച്ചകളിലൂടെയാണ് പടരുന്നത്.
ചെറുപുഴ പഞ്ചായത്തിലെ തിരുമേനിയിലാണ് രോഗം കണ്ടെത്തിയത്. പശുക്കളില്‍ തൊലിയില്‍ മുഴകളുണ്ടാവുകയും പഴുത്ത് വ്രണമാവുകയും ചെയ്യുന്നതാണ് രോഗലക്ഷണം. ചർമത്തില്‍ ഒരു സെന്റീമീറ്റര്‍ മുതല്‍ നാല് സെ.മീ.വരെ വൃത്താകൃതിയില്‍ മുഴകളുണ്ടാവുകയും മുഴകള്‍ പൊട്ടി വ്രണമാവുകയും ചെയ്യും. മൂക്കില്‍നിന്നും കണ്ണില്‍നിന്നും നീരൊലിച്ച് ഇറങ്ങുന്നതും കാണാം. പശുക്കള്‍ക്ക് പനി ബാധിക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു. തീറ്റയെടുക്കാന്‍ മടി കാണിക്കുന്നതിനാല്‍ പാല് ഉൽപാദനം പാടെ കുറയും.
രോഗം വന്നാല്‍ കാര്യമായ ചികിത്സ ലഭ്യമല്ല. ആൻറിബയോട്ടിക് കുത്തിവെക്കുകയും മുറിവുകളില്‍ ലേപനങ്ങള്‍ തേക്കുകയുമാണ് ചെയ്യുന്നത്. ഈച്ച കടിക്കാതെ നോക്കുകയും വേണം. രോഗംബാധിച്ച പശുക്കളെ മാറ്റിപ്പാര്‍പ്പിച്ചില്ലെങ്കില്‍ അതിവേഗം മറ്റു പശുക്കളിലേക്ക് രോഗം പടരും. പകര്‍ച്ച തടയാനും രോഗം ബാധിച്ചവക്ക് ഫലപ്രദമായ ചികിത്സ എത്തിക്കാനും നടപടി വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.