അതിര്‍ത്തിയില്‍ പരിശോധനക്കെത്തിയ കേരള റവന്യൂ സംഘത്തെ കര്‍ണാടക തടഞ്ഞു
text_fieldsചെറുപുഴ: കാര്യങ്കോട് പുഴക്ക് മറുകരയില്‍ പുഴപ്പുറമ്പോക്ക് ൈകയേറിയെന്ന പരാതിയിൽ പരിശോധനക്കെത്തിയ റവന്യൂ സംഘത്തെ കര്‍ണാടക വനംവകുപ്പ് ജീവനക്കാര്‍ തടഞ്ഞു.
ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം പാതക്കായി പുളിങ്ങോം ഭാഗത്ത് പണിത പാലത്തിെൻറ കര്‍ണാടക വനാതിര്‍ത്തിയോടുചേർന്ന ഭാഗത്ത് കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ കണ്ണൂര്‍ ജില്ല സർവേ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വപ്ന മേലുക്കടവന്‍, ശ്രീകണ്ഠപുരം റീസർവേ ഓഫിസ് സൂപ്രണ്ട് ബാലകൃഷ്ണന്, പയ്യന്നൂര്‍ താലൂക്ക് സർവേയര്‍ എ. രമേശന്, പുളിങ്ങോം വില്ലേജ് ഓഫിസര്‍ ബെന്നി കുര്യാക്കോസ്, ചെയിന്മാന് ടി.പി. രമേശന്, പുളിങ്ങോം വി.എഫ്.എ ഷറഫുദ്ദീന് എന്നിവരെയാണ് തടഞ്ഞത്. കര്‍ണാടക വനംവകുപ്പിെൻറ മുന്‍കൂര്‍ അനുമതിയില്ലാതെ പരിശോധന അനുവദിക്കാനാകില്ല എന്നുപറഞ്ഞാണ് വനം വകുപ്പ് ജീവനക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. തുടര്‍ന്ന് പരിശോധന പൂര്‍ത്തിയാക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.
കാര്യങ്കോട് പുഴക്കു മറുകരയിലായി 65 ഏക്കറോളം സ്ഥലം വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള സര്‍ക്കാര്‍ കര്‍ണാടകക്ക് വില്പന നടത്തിയതാണ്.എന്നാല്‍, ഇതിെൻറ അതിര്‍ത്തികള്‍ സംബന്ധിച്ച വ്യക്തതയില്ലാത്തതിനാല്‍ കര്‍ണാടക സ്ഥലം കൈയേറുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നത് പതിവാണ്.
വനാതിര്‍ത്തിയിലേക്ക് കേരളം നിര്‍മിച്ച പാലം അവസാനിക്കുന്നിടത്ത് കര്‍ണാടക വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ച് പ്രവേശനം തടഞ്ഞിട്ടുമുണ്ട്.ചിലയിടത്ത് കര്‍ണാടക വനം വകുപ്പ് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതും പുഴപ്പുറമ്പോക്കിലാണെന്നു പരാതിയുണ്ട്.
കേരളത്തിെൻറ പുഴപ്പുറമ്പോക്കും കര്‍ണാടക വനവും അതിരിടുന്ന ഭാഗങ്ങളില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ച് വ്യക്തത വരുത്തണമെന്ന് നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെടുന്നതാണ്. അതിര്‍ത്തിത്തര്‍ക്കം കാരണം വനത്തോട് ചേര്ന്നുതാമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാത്ത സ്ഥിതിയുമുണ്ട്.