മലയോരത്തും ചക്ക വില്പനക്ക്; വില കേട്ടാല്‍ ഞെട്ടരുത് !
text_fieldsചെറുപുഴ: ചക്കയുടെയും മാങ്ങയുടെയും സീസണ് തുടങ്ങുന്നതിനു മുമ്പേ മലയോരത്തെ വിപണിയില്‍ ചക്ക വില്പനക്കെത്തി. പാടിയോട്ടുചാല്‍ ടൗണിലാണ് ആദ്യമായി ചക്ക വില്പനക്കെത്തിച്ചത്. കര്‍ണാടകയിലെ തോട്ടങ്ങളില്‍നിന്ന് ശേഖരിച്ച മൂപ്പെത്തിയ ചക്കയാണ് കഴിഞ്ഞദിവസം മുതല്‍ വില്പനക്കെത്തിയത്. അതും കൂഴച്ചക്ക എന്ന് കുടിയേറ്റക്കാര്‍ വിളിക്കുന്ന നാടന്‍ ചക്കയാണ് കടകളിലെത്തിയത്.
ഇത് പെട്ടെന്ന് പഴുക്കുമെന്നതിനാല് കുറഞ്ഞ എണ്ണമേ കച്ചവടക്കാര്‍ ശേഖരിച്ചിട്ടുള്ളൂ. വിലയും താരതമ്യേന കൂടുതലാണ്. 35 രൂപയാണ് കിലോ വില. 10 കിലോ മുതല്‍ തൂക്കം വരുന്ന ചക്കയാണ് വിപണിയിലുള്ളത്. ശരാശരി 350 രൂപയെങ്കിലും മുടക്കിയാലേ ഒരു ചക്ക വാങ്ങാന്‍ കഴിയൂ. എങ്കിലും മോശമല്ലാത്ത വില്പന നടക്കുന്നുണ്ട്. ഗുണവും രുചിയും ഏറിയ വരിക്കച്ചക്കക്കാണ് ആവശ്യക്കാരേറെയെങ്കിലും വരിക്കച്ചക്കയുടെ വരവ് തുടങ്ങിയിട്ടില്ല.
സാധാരണയായി ഡിസംബര്‍ മാസത്തില്‍ തന്നെ മലയോരത്തെ പറമ്പുകളില്‍ ചക്ക സുലഭമായി ഉണ്ടാകാറുള്ളതാണ്. എന്നാല്‍, കാലാവസ്ഥ വ്യതിയാനം മൂലം ഇത്തവണ വൈകിയാണ് പ്ലാവുകള്‍ കായ്ച്ചുതുടങ്ങിയത്. അതുകൊണ്ടുതന്നെ കറിവെക്കാന്‍ ഉപയോഗിക്കുന്ന ഇടിച്ചക്കയെന്നു പേരുള്ള മൂപ്പെത്താത്ത ചക്കയുടെ വരവുതന്നെ പരിമിതമായിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മലയോരത്ത് ചക്കകള്‍ സുലഭമാകുന്നതോടെ വിപണിയില്‍നിന്ന് ചക്ക പിന്‍വലിയാനാണ് സാധ്യത.
കുറഞ്ഞ ദിവസത്തേക്കുള്ള കച്ചവടമാണെങ്കിലും കര്‍ഷകര്‍ക്ക് ചെറിയ വരുമാനം കണ്ടെത്താന്‍ കഴിയുന്ന അവസരമാണിത്. സീസണാകുമ്പോള്‍ യഥേഷ്ടം ലഭിക്കുന്ന ചക്ക സംസ്കരിച്ച് മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കാന് സംവിധാനങ്ങളില്ലാത്തതിനാല്‍ വലിയൊരു വരുമാന മാര്‍ഗമാണ് കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നതും. ചെറുപുഴ പഞ്ചായത്തിലെ ഒരു ഫുഡ് പ്രോസസിങ് യൂനിറ്റ് ഉടമ ചിപ്സിന് ആവശ്യമായ രീതിയില്‍ മുറിച്ച് വൃത്തിയാക്കിയെടുത്ത പച്ചച്ചക്ക വില നല്കി വാങ്ങാറുണ്ട്.
ഇതിലൂടെ നിരവധി വീട്ടമ്മമാര്‍ക്ക് വരുമാനവും ലഭിക്കാറുണ്ട്. പക്ഷേ, ഈ രംഗത്ത് കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാകുന്നില്ലെന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.