മലവെള്ളപ്പാച്ചിലില്‍ ചട്ടിവയലിലും രാജഗിരിയിലും ആശങ്ക
text_fieldsചട്ടിവയലില്‍ മലവെള്ളപ്പാച്ചിലിൽ കല്ലും മണ്ണും റോഡിലേക്ക് ഒഴുകിയെത്തിയ നിലയില്‍
ചെറുപുഴ: കഴിഞ്ഞ രാത്രി ചെറുപുഴ പഞ്ചായത്തിലെ ചട്ടിവയലിലും രാജഗിരിയിലുമുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി കുടുംബങ്ങൾ ആശങ്കയിൽ.ചട്ടിവയലില്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.കെ. ജോയിയുടെ പുരയിടത്തിെൻറ മുകളിൽ നിന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഞായറാഴ്ച രാത്രി 9.30ഓടെ മണ്ണും ചളിയും ഒഴുകി വീടുകള്‍ക്കു സമീപത്തും റോഡിലേക്കും കൃഷിയിടത്തിലേക്കും പതിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്.
രാജഗിരി അല്‍ഫോന്‍സ നഗറിലൂടെ ഒഴുകിയ മലവെള്ളത്തില്‍ പഞ്ചായത്ത് റോഡിെൻറ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു.രാജഗിരി ജോസ്ഗിരി റോഡില്‍ കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. രണ്ടിടങ്ങളിലായി 14 ഓളം വീടുകള്‍ മലവെള്ളപ്പാച്ചിലിൽ ഭീതിയിലാണ്.
നാശമുണ്ടായ പ്രദേശങ്ങൾ ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടറും ജനപ്രതിനിധികളും സന്ദര്‍ശിച്ചു. നാശനഷ്ടം വിലയിരുത്താന്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ. ബാലഗോപാലന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.കെ. രാജന്, തിരുമേനി വില്ലേജ് ഓഫിസര്‍ സി.കെ. ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.