ചെറുപുഴയിലെ ബ്ലാക്ക്മാൻ കാമറയിൽ കുടുങ്ങി
text_fieldsചെറുപുഴ പ്രാപ്പൊയിലിലെ കല്ലമ്മാക്കൽ സതീഷിന്റെ
വീട്ടിലെ സി.സി ടി.വിയിൽ പതിഞ്ഞ അജ്ഞാതന്റെ ദൃശ്യം
ചെറുപുഴ: ആഴ്ചകളായി ചെറുപുഴക്കടുത്ത് പ്രാപ്പൊയിൽ, ഗോക്കടവ്, എയ്യൻകല്ല് ഭാഗങ്ങളിൽ ഭീതി പടർത്തിയ അജ്ഞാതനായ രാത്രി സഞ്ചാരി സി.സി ടി.വിയിൽ കുടുങ്ങി. ശനിയാഴ്ച രാത്രി പ്രാപ്പൊയിൽ പെരുന്തടം ചങ്ങാതി മുക്കിലെ കല്ലമ്മാക്കൽ സതീഷ് കുമാറിന്റെ വീട്ടിലെ സി.സി ടി.വി കാമറയിലാണ് ഇയാളുടെ ദൃശ്യം പതിഞ്ഞത്. ശനിയാഴ്ച രാത്രി 11 ഓടെ ഈ വീടിന് സമീപമെത്തിയ ഇയാൾ ഭിത്തിയിൽ ബ്ലാക്ക്മാൻ എന്നെഴുതി വെച്ച് സ്ഥലം വിടുകയായിരുന്നു. ഈ സമയം സതീഷ് കുമാറിന്റെ അമ്മയും രണ്ടുകുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാവിലെ ഭിത്തിയിൽ എഴുതിയിരിക്കുന്നതുകണ്ട് സി.സി ടി.വി പരിശോധിച്ചപ്പോഴാണ് തലമറച്ച ഉയരമുള്ള ഒരാൾ ഭിത്തിയിൽ എഴുതുന്നതായി കണ്ടത്. സമീപത്തെ മറ്റ് അഞ്ചോളം വീടുകളിലും ഇയാൾ എത്തിയിരുന്നു. എല്ലാ വീടുകളുടെയും ഭിത്തിയിൽ ബ്ലാക്ക്മാൻ എന്നെഴുതിവെച്ച് മനുഷ്യന്റെ ചിത്രവും കോറിയിട്ടാണ് ഇയാൾ സ്ഥലംവിട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി അജ്ഞാതനായ ഒരാൾ ചെറുപുഴ, ആലക്കോട് പഞ്ചായത്ത് പരിധിയിലെ വിവിധ സ ഭാഗങ്ങളിൽ എത്തി അസ്വസ്ഥത സൃഷ്ടിച്ചുവരുകയാണ്.
നാട്ടുകാരും പൊലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആദ്യമായാണ് ഇയാളുടെ ദൃശ്യം സി.സി ടി.വിയിൽ പതിയുന്നത്.
ചെറുപുഴ പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ ശേഖരിച്ചു.

