മുന്നറിയിപ്പ് അവഗണിച്ച് യുവത്വം; ചെറുകുന്നം കനാലില്‍ ഒടുവില്‍ മരണച്ചുഴിയും
text_fieldsപെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തിലെ ചെറുകുന്നം ഹൈലെവല്‍ കനാലിലെ മനോഹരമായ ഒഴുക്കിന് പിന്നില്‍ പതിയിരിക്കുന്നത് വലിയ അപകടമാണെന്ന് നാട്ടുകാര്‍ പറയുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും നിരവധി വിദ്യാര്‍ഥികളും യുവാക്കളും കുളിക്കാനായി എത്തുന്ന ഇവിടെ, ഒടുവില്‍ രണ്ട് ജീവനുകള്‍ പൊലിഞ്ഞത് നാടിനെ നടുക്കി.
കനാലില്‍ ആഴമേറിയ ഭാഗങ്ങളുണ്ട്, ഒഴുക്കും ശക്തമാണ്. പുറത്തുനിന്ന് വരുന്നവര്‍ക്ക് അപകടം അറിയില്ലെന്നതാണ് പ്രധാന വില്ലന്‍. നീന്തല്‍ വശമില്ലാത്തവരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. ഇതിനുമുമ്പും ഇവിടെ പലരും ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, മരണം സംഭവിക്കുന്നത് ഇതാദ്യമാണ്. നാട്ടുകാര്‍ നല്‍കുന്ന നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ച് കനാലില്‍ ഇറങ്ങുന്നതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നത്.
ചൊവ്വാഴ്ച പൂമല ഇന്ദിര ഗാന്ധി മെമ്മോറിയല്‍ കോളജിലെ മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ അജ്മലും അജ്‌സലും എമിലും വല്ലാഴപ്പന്‍ ക്ഷേത്രത്തിടത്തുളള ഭാഗത്ത് അപകടത്തില്‍പ്പെട്ടപ്പോള്‍ ജീവന്‍ പണയപ്പെടുത്തി നാട്ടുകാർ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. അശമന്നൂര്‍ ഗവ. യു.പി സ്‌കൂളിന് സമീപമുള്ള പൊക്കത്തായി വീട്ടില്‍ സജീവ്, ഇദ്ദേഹത്തിന്‍റെ മകൻ പ്ലസ് ടു വിദ്യാര്‍ഥി ബേസില്‍, മാങ്കുഴ വീട്ടില്‍ ജോബി ജോസ്, തട്ടുപറമ്പില്‍ വീട്ടില്‍ നിയോന്‍ മോന്‍ എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തകര്‍.
ചികിത്സയിലുള്ള എമിലിനെ കരക്കെത്തിച്ച സാഹചര്യം ഇവര്‍ നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്. കനാലിലെ വെള്ളത്തിനടിയില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു എമില്‍. ഒപ്പമുണ്ടായിരുന്ന അജ്മലിനെയും അജ്സലിനെയും അതിവേഗം കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പാതിവഴിയില്‍ തന്നെ മരണം സംഭവിച്ചു. മനോഹരമായ ഈ ജലപാത ഇനിയും കണ്ണീര്‍പ്പാതയാകാതിരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ജാഗ്രത നിര്‍ദേശങ്ങളും സുരക്ഷ സംവിധാനങ്ങളും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

