മാലിന്യ കേന്ദ്രമല്ല; മനോഹര ഉദ്യാനം
text_fieldsചേലോറ നെഹ്റു പാർക്ക് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍: മാലിന്യകേന്ദ്രമായി അറിയപ്പെട്ടിരുന്ന ചേലോറക്ക് പുതിയ മുഖം നല്കി, കണ്ണൂര്‍ കോർപറേഷന് ചേലോറയിൽ നിർമിച്ച നെഹ്റു പാർക്കിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി. ചെണ്ടമേളവും പടക്കവും പായസവും മധുരവിതരണവുമായി പാർക്കിന്റെ ഉദ്ഘാടനം ആഘോഷിച്ചു. ശിശുദിനമായതിനാൽ നിരവധി കുട്ടികളും ബലൂണും വർണങ്ങളുമായി ഉദ്ഘാടനത്തിന് എത്തിയിരുന്നു.
രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപത്തായി 2.7 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കോര്‍പറേഷന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിർമിച്ചത്. പാര്‍ക്കിങ് ഏരിയ, ആംഫി തിയറ്റര്‍, കോമ്പൗണ്ട് വാള്, സോളാർ പാനൽ, കഫറ്റീരിയ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുള്‍പ്പെടെ രണ്ടു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ നിര്‍മാണം പൂർത്തിയാക്കിയത്. കണ്ണൂർ-മട്ടന്നൂർ പ്രധാന പാതക്കരികിൽ സ്ഥിതി ചെയ്യുന്നതിനാൽ ജനങ്ങൾക്ക് എത്തിച്ചേരാൻ ഏറ്റവും സൗകര്യപ്രദമാകും.
ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. രാഗേഷ്, പി. ഷമീമ, എം.പി. രാജേഷ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ വി.കെ. ശ്രീലത, മുസ്ലിഹ് മഠത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ലക്ഷ്മണൻ തുണ്ടിക്കോത്ത്, കെ.പി. താഹിർ, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, സൂപ്രണ്ടിങ് എൻജിനീയർ ടി. മണികണ്ഠകുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ എം.സി. ജസ്വന്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

