ചാൽബീച്ചിന് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം
text_fieldsചാല് ബീച്ച്
കണ്ണൂർ: പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ടൂറിസം വികസനത്തിനു ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് നേട്ടം സ്വന്തമാക്കിയ ചാല് ബീച്ചില്‍ ഞായറാഴ്ച ഔദ്യോഗിക പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തും. 13ന് വൈകീട്ട് അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും. ഡെന്മാര്ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന് ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷനാണ് (എഫ്.ഇ.ഇ) ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കുന്നത്.
പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കിയാണ് അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് നേട്ടം കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലെ ചാല് ബീച്ച് സ്വന്തമാക്കിയത്. കേരളത്തില്‍ ഇതിനുമുമ്പ് കാപ്പാട് ബീച്ച് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. രാജ്യത്ത് 13 ബീച്ചുകളാണ് ഈ വര്‍ഷം ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയത്.
എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ല ഭരണകൂടവും ഡി.ടി.പി.സിയും അഴീക്കോട് പഞ്ചായത്തും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കണ്ടത്. അഴീക്കോട് പഞ്ചായത്ത് സജ്ജീകരിച്ച വാട്ടര്‍ എ.ടി.എം, സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ ബീച്ചില്‍ ആരംഭിച്ച ബട്ടര്‍ഫ്ലൈ പാര്‍ക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് അഴീക്കോട് പഞ്ചായത്ത് മുഖേന പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഹെര്‍ബല്‍ ഗാര്‍ഡനും ചാല് ബീച്ചിനെ ആകര്‍ഷകമാക്കുന്നു. വാർത്ത സമ്മേളത്തില്‍ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ഡി.ടി.പി.സി സെക്രട്ടറി പി.ജി. ശ്യാംകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

