കനത്ത മഴയിൽ വ്യാപക നാശനഷ്ടം
text_fieldsചിറമ്മൽ കെ.പി. സഹിനയുടെ വീട്ടുമുറ്റത്ത് വെള്ളം കയറിയപ്പോൾ, മുണ്ടേരിയിലെ അബൂബക്കറിന്റെ വീടിന് മുകളിൽ മതിൽ
ഇടിഞ്ഞ് വീണ നിലയിൽ
ചക്കരക്കല്ല്: കനത്ത മഴയിൽ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം വീടിന് മുകളിലേക്ക് സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞു വീണു. അബ്നാസ് മൻസിലിൽ അബൂബക്കറിന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. കാർപോർച്ചിന്റെ ഭാഗം വലിയ രീതിയിൽ തകർന്നു .അഞ്ചരക്കണ്ടി വണ്ടിക്കാരൻ പീടികയിലെ പി.പി. ബാബുവിന്റെ പഴയ മരങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണൺ മതിൽ തകർന്നു വീണു. എക്കാലിലെ വലിയ വീട്ടിൽ പി. അശോകന്റെ വീടിന് മുകളിൽ മരം കടപുഴകി ഭാഗികമായി തകർന്നു. തലമുണ്ട കുന്നത്തുചാലിൽ പി. സനൂപിന്റെ വീട്ടുമതിൽ തകർന്നു തൊട്ടു മുന്നിലുള്ള കോവ്വുമ്മൽ പ്രഭാകരന്റെ വീട്ട് മുറ്റത്ത് പതിച്ചു. വീടിന് കേടുപാടുകൾ സംഭവിച്ചു.
ചെമ്പിലോട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിക്ടറി മില്ലിന് സമീപം കെ.പി. വിപിന്റെ വീട്ടു മതിൽ ഇടിഞ്ഞ് താഴ്ന്നു. അഞ്ചരക്കണ്ടി ചിറമ്മൽ പീടികയിൽ ശ്രദ്ധനിവാസിൽ കെ.പി. സഹിനയുടെ വീടിന്റെ പിൻവശത്തെ മതിൽ ഇടിഞ്ഞു വീഴുകയും വീട്ടുമുറ്റത്ത് വെള്ളം കയറുകയും ചെയ്തു. ചിറമ്മൽ കല്യാണിയുടെ വീട്ടുമുറ്റത്തും വെള്ളം കയറി. ചിറമ്മൽ റോഡിൽ വെള്ളം കയറിയതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഗതാഗതം സാധ്യമായത്. മക്രേരി അമ്പലത്തിൽ മരങ്ങൾ കടപുഴകി ചുറ്റുമതിലിനും വിഷ്ണു ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചു.