പടന്നോട്ട് ഉപേക്ഷിച്ച കാറിൽ മാരകായുധങ്ങൾ
text_fieldsമുണ്ടേരി പടന്നോട്ട് ഉപേക്ഷിച്ച കാറിൽനിന്ന് കണ്ടെത്തിയ ആയുധങ്ങൾ
ചക്കരക്കല്ല്: പടന്നോട്ട് മെട്ടക്ക് സമീപം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച കാറിൽനിന്ന് മാരകായുധങ്ങൾ കണ്ടെത്തി. ഷൈനാ നിവാസിൽ ഭാസ്കരന്റെ വീട്ടുമുറ്റത്താണ് ഞായറാഴ്ച രാത്രി 12ഓടെ സ്വിഫ്റ്റ് കാർ ഉപേക്ഷിച്ചത്. കാറിന് ഇരട്ട നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നു. കെ.എൽ 14 ആർ 5341, കെ.എൽ 14 വൈ 1967 എന്നീ നമ്പർ പ്ലേറ്റുകൾ തമ്മിൽ ഒട്ടിച്ച നിലയിലായിരുന്നു.
പൊലീസ് അന്വേഷണത്തിൽ കാസർകോട് സ്വദേശിയുടേതാണ് കാറെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രി 11.30ഓടെ രണ്ടുപേർ വീടിന്റെ മുറ്റത്തുവന്ന് കാറിന് ചെറിയ തകരാർ ഉണ്ടെന്ന് പറഞ്ഞാണ് കാർ നിർത്തിയിട്ടതെന്ന് വീട്ടുടമ പറഞ്ഞു. കാറിന്റെ പിൻ ഗ്ലാസ് തകർന്ന നിലയിലാണ്. വാഹനത്തിലും വീടിന്റെ മുറ്റത്തും ചോരപ്പാടുകളും ഉണ്ടായിരുന്നു. കണ്ണൂരിൽനിന്ന് എത്തിയ വിരലടയാള വിദഗ്ധരും ചക്കരക്കല്ല് പൊലീസും കാർ പരിശോധന നടത്തിയപ്പോഴാണ് വാൾ, കത്തിവാൾ മുതലായ മാരകായുധങ്ങളും മദ്യക്കുപ്പിയും മറ്റും കണ്ടെത്തിയത്.
സയന്റിഫിക് ഓഫിസർ പി. ശ്രീജ, വിരലടയാള വിദഗ്ധ പി. സിന്ധു എന്നിവർ സ്ഥലത്തെത്തി. ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

