കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി
text_fieldsസുറൂറിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് പൊലീസ്
പരിശോധനക്കെത്തിയപ്പോൾ
ചക്കരക്കല്ല്: കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. മുണ്ടേരി കൈപ്പക്കമൊട്ടയിൽ ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. കടയിൽനിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവുമാണ് സുറൂറിന്റെ വരുമാന മാര്‍ഗം. വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തർക്കത്തെ തുടർന്ന് കാസര്‍കോട് ജില്ലയിലെ പാണത്തൂരിൽ നിന്നുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഉടൻ സുറൂറിന്റെ സുഹൃത്തുക്കൾ ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം സുഹൃത്തുക്കൾ വഴി വിവരങ്ങൾ അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാണത്തൂരിലുള്ള സംഘമാണ് പിന്നിലെന്ന് മനസ്സിലായത്. വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.
വൈകീട്ടോടെ ചിറ്റാരിക്കാൽ പൊലീസിന്റെ സഹായത്തോടെ ചക്കരക്കല്ല് പൊലീസ് സുറൂറിനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം സുറൂറിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

