ചക്കരക്കല്ല്: കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിൽ സമൂഹം വിറങ്ങലിച്ചുനിൽക്കുമ്പോൾ കൈത്താങ്ങാവുകയാണ് എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.
10ാം തരം വിദ്യാർഥികളാണ് യാത്രയയപ്പിന് വേണ്ടി നീക്കിവെച്ച തുക മുഖമന്ത്രിയുടെ വാക്സിൻ ചലഞ്ചിന് നൽകി മാതൃകയായത്. കോവിഡ് തങ്ങളുടെ സുവർണകാലം ഇല്ലാതാക്കിയെങ്കിലും പരീക്ഷ സുഗമമായും സുരക്ഷിതമായും നടത്താൻ സംവിധാനമൊരുക്കിയ സർക്കാറിനോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ് കുട്ടികളെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.
സ്കൂൾ കാമ്പസിനകത്ത് പ്രതീകാത്മകമായി പി.പി.ഇ കിറ്റ് ധരിച്ച രൂപം തയാറാക്കി നിർദേശങ്ങളടങ്ങിയ ബോർഡുകളും സ്ഥാപിച്ച് പ്രത്യേകം തയാറാക്കിയ ബോക്സിൽ കുട്ടികൾ കൊണ്ടുവന്ന തുക നിക്ഷേപിച്ചാണ് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കുട്ടികൾ പങ്കാളികളായത്.
സ്കൂളിൽ എത്തിയ രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി. അടുത്ത ദിവസം കുട്ടികൾ സ്വരൂപിച്ച തുക ജില്ല കലക്ടറെ ഏൽപിക്കും. ചടങ്ങിന്പി.ടി.എ പ്രസിഡൻറ് ജി. രാജേന്ദ്രൻ, പ്രിൻസിപ്പൽ സി. സുഹൈൽ തുടങ്ങിയവർ നേതൃത്വം നൽകി.