ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു; മുഴപ്പാല ഫയർ സയൻസ് കോളജും ഫയർസ്റ്റേഷനും യാഥാർഥ്യത്തിലേക്ക്
text_fieldsമുഴപ്പാലയിലെ ഡമ്പിങ് യാർഡ് സെന്റർ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു
ചക്കരക്കല്ല്: മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ ഫയർ ആൻഡ് റെസ്ക്യു വകുപ്പിന്റെ ഫയർ സയൻസ് കോളജ് യാഥാർഥ്യമാകുന്നു. വാഹന ഡമ്പിങ് യാർഡിൽ ഒഴിഞ്ഞുകിടക്കുന്ന 4.55 ഏക്കർ സ്ഥലത്താണ് രാജ്യത്തെതന്നെ ഏറ്റവും ആധുനിക സംവിധാനത്തോടുകൂടിയ രണ്ടാമത്തെ ഫയർ സയൻസ് കോളജും ഫയർ സ്റ്റേഷനും വരുന്നത്.
മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ സന്ദർശനം നടത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷൻ, ജില്ല പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, ഫയർ സർവിസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഡമ്പിങ് യാർഡിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ കലക്ടർക്ക് നിർദേശം നൽകി. നാഗ്പൂരിലെ നാഷനൽ ഫയർ സയൻസ് കോളജിന്റെ മാതൃകയിലായിരിക്കും ഇവിടെയും കോളജ് ആരംഭിക്കുക. എം.എസ്സി ഫയർ സയൻസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫയർ റസ്ക്യു എന്നീ കോഴ്സുകളാണ് തുടക്കത്തിൽ ഉണ്ടാകുക. പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടിരൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. പഠന സിലബസിന് കൊച്ചിൻ യൂനിവേഴ്സിറ്റിയുടെ അംഗീകാരവും ലഭിച്ചു.
അക്കാദമിക് ബ്ലോക്ക് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ആധുനിക ലാബ്, വർക്ക്ഷോപ്പ്, ഹോസ്റ്റലുകൾ, കളിസ്ഥലം എന്നിവയും ഒരുക്കും. ഇതോടനുബന്ധിച്ച് മാതൃക ഫയർ സ്റ്റേഷനും നിർമിക്കും.
റവന്യു വകുപ്പിന് ഉടമസ്ഥാവകാശം നിലനിർത്തി സ്ഥലം ഫയർ ആൻഡ് റസ്ക്യു വകുപ്പിന് കൈമാറി. പൊതുമരാമത്ത് വകുപ്പ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി. ഇത് അംഗീകരിച്ചാൽ നിർമാണ പ്രവർത്തനം ആരംഭിക്കും. ജനുവരിയിൽ ശിലാസ്ഥാപനം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫയർഫോഴ്സ് മേധാവി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം മുമ്പ് ഇവിടെ എത്തി നടപടികൾക്ക് മേൽനോട്ടം വഹിച്ചിരുന്നു.