ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് ഗുരുതര പരിക്ക്; വീടുകൾക്ക് നാശനഷ്ടം
text_fieldsഇരിവേരിക്കാവ് ഉത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടിയ സ്ഥലം പൊലീസ് പരിശോധിക്കുന്നു
ചക്കരക്കൽ: ഇരിവേരിക്കാവ് ഉത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നു വീടുകൾക്ക് നാശനഷ്ടമുണ്ടായി. കമ്മിറ്റി ഭാരവാഹിയായ ചാലിൽക്കണ്ടി ശശിധരനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. ശശിധരന്റെ കൈയിലുള്ള പടക്കം ഉൾക്കൊള്ളുന്ന സഞ്ചിയുടെ മുൻ ഭാഗത്ത് നിന്ന് പടക്കത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചുവീണ് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
ആർ.വി മെട്ടക്ക് സമീപം വി.കെ. കരുണൻ, മോഹനൻ മാസ്റ്റർ, എമ്പ്രാണ്ടി ഉമേശൻ എന്നിവരുടെ വീടുകളുടെ ജനറൽ ചില്ലുകൾ തകർന്നു. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് പാനേരിച്ചാലിലെ ലക്ഷ്മണൻ ബോധരഹിതനായി നിലത്തുവീണു. ഇദ്ദേഹത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ, ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ പവനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്തതിന് ചക്കരക്കല്ല് പൊലീസ് കേസെടുത്തു.