ചക്കരക്കല്ല്: ഇരിവേരി ആർ.വി മെട്ടയിൽ കൊപ്ര മില്ലിന് തീപിടിച്ചു. ആർ.വി മെട്ടയിലെ ഒ.തിലകരാജിെൻറ ഉടമസ്ഥതയിലുള്ള ഹരിത ഓയിൽ മില്ലിനോട് ചേർന്ന് കൊപ്ര സംഭരിച്ചുവെച്ച ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇവിടെ ശേഖരിച്ച കൊപ്ര മുഴുവനായും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 8.45ഓടെയാണ് തീപിടിച്ചത്.
കെട്ടിടത്തിെൻറ മേൽക്കൂരക്കും തീപിടിത്തത്തിൽ കനത്ത നാശം നേരിട്ടു. തീപിടിത്തമുണ്ടായ ഉടൻ നാട്ടുകാർ ഓടിയെത്തി തീയണക്കാനുള്ള ശ്രമം നടത്തിയതിനാൽ കൂടുതൽ അപകടമുണ്ടാകുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞു. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.