പ്രധാന പാതയിൽ പാർക്കിങ്; ചക്കരക്കല്ല് ടൗണിൽ ഗതാഗതക്കുരുക്ക് പതിവ്
text_fieldsചക്കരക്കല്ലിലെ ഗതാഗതക്കുരുക്ക്
ചക്കരക്കല്ല്: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ചക്കരക്കല്ല് ടൗൺ. പാർക്കിങ്ങിന് സൗകര്യമില്ലാത്തതിനാൽ നഗരത്തിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുകയാണ്. ദിനേന നിരവധി വാഹനങ്ങളാണ് ടൗണിലെത്തുന്നത്. ടൗണുകളിൽ എത്തുന്ന യാത്രക്കാർ പ്രധാന പാതകളിൽ രാവിലെ വാഹനം പാർക്ക് ചെയ്താൽ രാത്രി തിരിച്ചെടുക്കുന്നത് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കിറക്കുന്ന വലിയ വാഹനങ്ങൾ ടൗണിന്റെ പ്രധാന റോഡുകളിൽ നിർത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് ദിനേന നിരവധി വാഹനങ്ങളാണ് ഇത് വഴി കടന്ന് പോവുന്നത്.
നാല് റോഡുകൾ സംഗമിക്കുന്ന പ്രധാന കവലയിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് മുഴുവൻ സമയവും പൊലീസിന്റെ സേവനവും സ്വകാര്യ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സംവിധാനവും വേണമെന്ന ആവശ്യവും ശക്തമാണ്. പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെടൽ നടത്തി പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം.