വെള്ളക്കരത്തെ കൂട്ടിലാക്കി സെൻട്രൽ ജയിൽ മാതൃക; ലാഭിച്ചത് 34 ലക്ഷം
text_fieldsകണ്ണൂർ: സെൻട്രൽ ജയിലിൽ കഴിഞ്ഞവർഷം ജൂൺ വരെയുള്ള ഒരു വർഷത്തെ വാട്ടർ അതോറിറ്റി ബിൽ 55.46 ലക്ഷം രൂപയാണ്. ഇക്കൊല്ലം ബില്ല് വന്നപ്പോൾ 34 ലക്ഷം രൂപ കുറവ്. ചിട്ടയായ പ്രവർത്തനങ്ങളിൽ വെള്ളക്കരത്തിൽ ലക്ഷങ്ങൾ ലാഭം നേടി മാതൃകയായിരിക്കുകയാണ് കണ്ണൂർ സെൻട്രൽ ജയിൽ.
ഹരിത സ്പർശം എന്ന ജീവനക്കാരുടെ കൂട്ടായ്മയും ജയിൽ സൂപ്രണ്ട് കെ. വേണുവും ഒന്നിച്ചിറങ്ങിയപ്പോഴാണ് വെള്ളക്കരത്തെ വരച്ചവരയിൽ നിർത്താനായത്. ജയിൽ അന്തേവാസികളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള വെള്ളത്തിന് വാട്ടർ അതോറിറ്റിയെയും ജയിലിലെ കിണറുകളെയുമാണ് ആശ്രയിച്ചു വരുന്നത്.
ജയിലിലെ കൃഷിക്കും ഇതേ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഇതോടെ ഉപഭോഗവും വളരെയധികം വർധിച്ചു. പ്രതിമാസം ജലവിഭവ വകുപ്പിന് അടക്കേണ്ട തുക നാലു ലക്ഷം മുതൽ ആറു ലക്ഷം വരെയായിരുന്നു. 2024 ജൂൺ മാസം വരെ ശരാശരി നാല് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലാണ് ഓരോ മാസവും വാട്ടർ അതോറിറ്റിക്ക് വെള്ളക്കരമായി ഒടുക്കി കൊണ്ടിരുന്നത്.
വെള്ളത്തിനായി ഹരിത സ്പർശം
കഴിഞ്ഞ ജൂൺ മുതൽ ജയിൽ പ്ലാസ്റ്റിക്, മാലിന്യ മുക്തമാക്കുന്നതിനും ഹരിതാഭമാക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി രൂപവത്കരിച്ച ഹരിത സ്പർശം എന്ന ജീവനക്കാരുടെ കൂട്ടായ്മ വെള്ളത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത നേടാൻ മുന്നിട്ടിറങ്ങി. ജയിലിലെ വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ജല അതോറിറ്റി വെള്ളത്തിന്റേയും കിണർ വെള്ളത്തിന്റേയും വിതരണവുമായി ബന്ധപ്പെട്ട് സമഗ്രമായി പഠനം നടത്തി പരിഷ്കാരങ്ങൾ വരുത്തുകയാണ് ആദ്യപടിയായി ചെയ്തത്. ജയിലിലുണ്ടായിരുന്ന 21 കിണറുകളും വൃത്തിയാക്കുകയും ജയിലിലേക്ക് ആവശ്യമായ പരമാവധി വെള്ളം കിണറിൽ നിന്നും തന്നെ എടുക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഓരോ സ്ഥലത്തെയും വെള്ളത്തിന്റെ ഉപഭോഗം കൃത്യമായി മനസ്സിലാക്കി ജല വിതരണം കാര്യക്ഷമമായും നിയന്ത്രിതമായും നടപ്പാക്കി.
ജയിൽ അന്തേവാസികളുടെ അടുക്കളയിൽ നിന്നും നിത്യേന ധാരാളം മലിനജലം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇത് ശുദ്ധീകരിച്ച് കൃഷി ആവശ്യത്തിന് ഉപയോഗിക്കാം എന്ന ആശയവും കൂട്ടായ്മ മുന്നോട്ടുവെച്ചു. ഇതിനായി വിവിധ സർക്കാർ ഏജൻസികളെ സമീപിച്ചെങ്കിലും മലിനജല സംസ്കരണത്തിന് 75 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് മറുപടി ലഭിച്ചു. ഇത്രയും തുക മുടക്കാനില്ലാത്തതിനാൽ ജയിലിലുള്ള മണൽ, കരി, ചകിരി, മെറ്റൽ തുടങ്ങിയ അസംസ്കൃത ഉൽപന്നങ്ങൾ ഉപയോഗിച്ച് പരമ്പരാഗത ശൈലിയിൽ മലിനജല സംസ്കരണ പ്ലാന്റ് സംവിധാനമൊരുക്കി കിച്ചണിൽ നിന്നും വരുന്ന മുഴുവൻ ജലവും ശുദ്ധീകരിച്ച് ജയിലിലെ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാൻ തുടങ്ങി.
വിദഗ്ധരായ അന്തേവാസികളുടെ സേവനം ഇതിനായി ഉപയോഗിച്ചു. ശുദ്ധീകരിച്ച വെള്ളത്തിന്റെ പി.എച്ച് മൂല്യം 6.5 എന്ന് ഉറപ്പ് വരുത്തിയാണ് പച്ചക്കറികൾക്ക് ഉപയോഗിക്കുന്നത്. ഇതിലൂടെ ജല അതോറിറ്റി വഴി ലഭിക്കുന്ന വെള്ളത്തിന്റെ ഉപയോഗത്തിൽ വലിയ കുറവ് വന്നു. കൂടാതെ വെള്ളം പാഴാക്കാതിരിക്കാൻ അന്തേവാസികൾക്ക് കർശന നിർദേശവും നൽകി. അന്തേവാസികൾക്കായി, കൈയൊപ്പ്, നല്ലപാഠം, സുകൃതം, ഹരിത കർമസേന, നിർമാല്യം, എന്റെ മാവ്, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ, സുഗന്ധ വീഥി, ശലഭോദ്യാനം, സഫലം തുടങ്ങി നിരവധിയായ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നിലവിൽ സെൻട്രൽ ജയിലിൽ നടന്നു വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

