ഏഴുപവനും റാഡോ വാച്ചും കവർച്ചചെയ്ത കേസ്; വേലക്കാരിയെയും ഭർത്താവിനെയും പ്രതിചേർത്തു
text_fieldsകാഞ്ഞങ്ങാട്: പടന്നക്കാട് ഡോക്ടറുടെ വീട്ടിൽനിന്ന് ഏഴുപവനും ലക്ഷം രൂപയുടെ റാഡോ വാച്ചും പണവും കവർച്ചചെയ്ത കേസിൽ ഈ വീട്ടിലെ വേലക്കാരിയെയും ഭർത്താവിനെയും പൊലീസ് പ്രതിചേർത്തു. കവർച്ചപോയ റാഡോ വാച്ച് പൊലീസ് കണ്ടെടുത്തു. ഡോ. അഷറഫ് കുറ്റിക്കോലിന്റെ മാതാവ് പടന്നക്കാട് പള്ളിക്ക് സമീപത്തെ സൈനബയുടെ വീട്ടിൽ നടന്ന മോഷണക്കേസിലാണ് പ്രതി ചേർത്തത്. ഒരുമാസം മുമ്പായിരുന്നു കവർച്ച. വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ച ഏഴുപവൻ സ്വർണമാല, ലക്ഷം രൂപ വിലയുള്ള റാഡോ വാച്ച്, 5000 രൂപ എന്നിവയാണ് കവർച്ച ചെയ്തത്. സി.സി.ടി.വിയുടെ വയർ മുറിച്ചായിരുന്നു കവർച്ച. സംഭവത്തിൽ വീട്ടിലെ വേലക്കാരിയായിരുന്ന സുഹറ, ഭർത്താവ് അബ്ദുൽ ലത്തീഫ് എന്നിവരെ സംശയിക്കുന്നതായി ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, പ്രതിയെന്ന് ഉറപ്പിച്ചിരുന്നില്ല.
ഇതിനിടയിൽ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പ്രതികൾ പരാതികൾ നൽകി അന്വേഷണം തടസ്സപ്പെടുത്താൻ നീക്കം നടത്തി. പിന്നാലെ ജില്ല സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യവും നേടി. കവർച്ചപോയ റാഡോ വാച്ച് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുകയാണ്.
മോഷണം പോയ റാഡോ വാച്ച് കേസിലെ രണ്ടാം പ്രതിയായ ഭർത്താവ് കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ഒരു കടയിൽ വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. 35,000 രൂപക്ക് പ്രതി ഇവിടെ വിൽപന നടത്തുകയായിരുന്നു. വാച്ച് വാങ്ങിയ വ്യാപാരി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇതോടെ സംശയസാഹചര്യത്തിലുണ്ടായിരുന്ന ദമ്പതികളെ പൊലീസ് പ്രതിസ്ഥാനത്ത് ചേർത്തു. കാഞ്ഞിരപ്പൊയിലിൽ വാടകവീട്ടിലായിരുന്നു പ്രതികൾ താമസിച്ചിരുന്നത്.
ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ സി.പി. ജിജേഷ്, അസി. സബ് ഇൻസ്പെക്ടർമാരായ അജയകുമാർ, രഞ്ജിത് കൊല്ലിക്കാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സനീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ അനൂപ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതികളെ തിരിച്ചറിഞ്ഞതോടെ ഇവരുടെ ജാമ്യം റദ്ദാക്കാനും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനും പൊലീസ് കോടതിയെ സമീപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

