കാൽനടയാത്രികനെ ഇടിച്ച് നിർത്താതെ പോയ കാർ പിടികൂടി
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: അത്താഴക്കുന്നിൽ കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. അത്താഴക്കുന്ന് സ്വദേശി അജ്ബീറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പിടികൂടിയത്. ഇയാളുടെ ബന്ധു മുംതസിറാണ് കാർ ഓടിച്ചിരുന്നത്.
ഡിസംബർ മൂന്നിന് രാവിലെ 11.45നാണ് അപകടം. കാൽനടയാത്രികനായ ഇബ്രാഹിമിനെ ഇടിച്ചശേഷം കാർ സമീപത്തെ മതിലിലും ഇടിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം കണ്ണൂർ ഗവ. ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
കാർ നിർത്താനോ അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിക്കാനോ ശ്രമിക്കാതെ കാർ ഉടമ രക്ഷപ്പെട്ടെന്നാണ് പരാതി. കാറിനു പുറമെ ഇവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടസ്ഥലത്ത് സി.സി.ടി.വി ഇല്ലാതിരുന്നു. 'കറുത്ത കാറാണ് ഇടിച്ചത്' എന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ, വാഹനം വന്നതും പോയതുമായ ദിശകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
അപകടത്തിന് ശേഷം കാർ വർക്ക് ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചു വരികയായിരുന്നു. നാട്ടുകാരും വ്യാപാരികളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ അസി. കമീഷണർ പ്രദീപൻ കണ്ണിപ്പോയിലിന്റെ നിർദേശാനുസരണം ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ, എസ്.ഐ പി.കെ. ഷാജി, എസ്.സി.പി.ഒ ബൈജു, സി.പി.ഒ സി.പി. നാസർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

