കണ്ണൂർ ധനലക്ഷ്മി ആശുപത്രി ജങ്ഷനിൽ കാറുകൾ അപകടത്തിൽപെട്ട് അഞ്ചുപേർക്ക് പരിക്ക്
text_fieldsകണ്ണൂർ താണ ധനലക്ഷ്മി ആശുപത്രി കവലയിൽ അപകടത്തിൽപെട്ട വാഹനങ്ങൾ
കണ്ണൂർ: തിരക്കേറിയതും ഇടുങ്ങിയതുമായ കണ്ണൂർ ധനലക്ഷ്മി ആശുപത്രി ജങ്ഷനിൽ അപകടം പതിവാകുന്നു. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തിൽ അഞ്ചുപേർക്കാണ് പരിക്കേറ്റത്. രാവിലെ 6.45 ഓടെയായിരുന്നു അപകടം. തളിപ്പറമ്പ് ഏഴാംമൈല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കക്കാട് ഭാഗത്തുനിന്ന് വരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ കാര്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുമായും കൂട്ടിയിടിച്ചു.
രണ്ട് കാറുകളിലായി ഉണ്ടായിരുന്ന ഏഴാംമൈല്‍ സ്വദേശികളായ ഇബ്രാഹിംകുട്ടി, നഫീസ, മുഹമ്മദലി, മനോജ്, ഓട്ടോ ഡ്രൈവര്‍ രമേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ധനലക്ഷമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രി, വിദേശ മദ്യശാല, ഓട്ടോ സ്റ്റാൻഡ് എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന ഇവിടെ വൻ തിരക്കാണ് എപ്പോഴും. കൂടാതെ ഇടുങ്ങിയ റോഡിൽ കൂടുതൽ വാഹനങ്ങൾ എത്തുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നു.
റോഡരികിൽ തെരുവ് കച്ചവടവും മീൻ, പച്ചക്കറി മാർക്കറ്റുകളും പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാർ വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ട് ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്നത് പതിവ് കാഴ്ചയാണ്. ഇത് മിക്കപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണ്.
സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം
കണ്ണൂർ: ധനലക്ഷ്മി ആശുപ്രതി ജങ്ഷനിൽ ആവർത്തിക്കുന്ന അപകടങ്ങൾ കുറക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. തിരക്കേറിയ ജങ്ഷനായതിനാൽ ഗതാഗത നിയന്ത്രണത്തിന് ഒരു പൊലീസുകാരനെയെങ്കിലും നിയമിക്കണമെന്ന് ജില്ല റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
നഗരത്തിലുള്ളവർ പ്രഭാത സവാരിക്കടക്കം ഉപയോഗിക്കുന്ന റോഡാണിത്. അതിനാൽ ജങ്ഷനിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് വിവിധ സംഘടനകളും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചത്തെ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ ഇനിയെങ്കിലും സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജില്ല റെസിഡൻറ്സ് അസോസിയേഷൻ ട്രഷറർ മുജീബ് പുതിയ വീട്ടിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

