ഒരു സെക്കൻഡിന്റെ അശ്രദ്ധ; കവർന്നത് സുഹൃത്തിന്റെ ജീവൻ
text_fieldsതലശ്ശേരി: നിനച്ചിരിക്കാതെ എത്തിയ മഴയിൽ കാർ നിയന്ത്രണം വിട്ടോടിയത് ആത്മസുഹൃത്തിന്റെ മരണത്തിലേക്ക്. വിദേശത്ത് നിന്നെത്തിയ ചെമ്പേരി പുറഞ്ഞാൺ മാങ്കുഴിയിൽ വീട്ടിൽ രതീഷിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കുടുംബാംഗങ്ങൾക്കൊപ്പം ഇന്നോവ കാറിൽ ഡ്രൈവറായി ഒപ്പം പോയതായിരുന്നു കുടുംബ സുഹൃത്തായ വായാട്ടുപറമ്പ് പോത്തുകുണ്ടിന് സമീപം മണ്ണൂർ വീട്ടിൽ ഷാജി എന്ന ജോർജ് ജോസഫ്. യാത്രാമധ്യേ പുന്നോൽ ഉസ്സൻമൊട്ടയിൽ കാർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിലിടിച്ചപ്പോൾ ഡ്രൈവർ സീറ്റിൽ ഇടതുവശത്ത് ഉണ്ടായിരുന്ന ഷാജി പുറത്തിറങ്ങിറങ്ങാനാവാത്ത വിധം കാറിൽ കുടുങ്ങുകയായിരുന്നു.
അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് എല്ലാവരെയും പുറത്തേക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഷാജി മരണപ്പെടുകയായിരുന്നു. നാട്ടിൽനിന്നും കരിപ്പൂർ എയർപോർട്ടിലേക്കുള്ള യാത്രയിൽ ഷാജിയായിരുന്നു കാറോടിച്ചിരുന്നത്. മടക്കയാത്രയിൽ രതീഷ് കാറോടിക്കാൻ തയാറായി. ഷാജി ഡ്രൈവിങ് സീറ്റിൽ തൊട്ടടുത്തിരുന്നു. ബസിലിടിച്ച കാർ നിയന്ത്രണം വിട്ടു കറങ്ങിത്തിരിഞ്ഞു. കാറിലുണ്ടായിരുന്ന രതീഷും കുടുംബാംഗങ്ങളും പരിക്കേറ്റതിനാൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. രതീഷിനും ഭാര്യ സജിതക്കുമാണ് കാര്യമായി പരിക്കേറ്റത്.
ഏഴു പേർ കാറിലുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ബസ്സിൽ ഉണ്ടായിരുന്ന അന്ധനായ ഒരു യുവാവിനും അപകടത്തിൽ പരിക്കേറ്റു. നേരത്തെ നിരവധി അപകടങ്ങൾ നടന്ന സ്ഥലമാണ് മാഹി ദേശീയപാതയിലെ പുന്നോൽ ഉസ്സൻമൊട്ട പ്രദേശം. അമിത വേഗവും അശ്രദ്ധയുമാണ് പലപ്പോഴും ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.
ഇൻക്വസ്റ്റ് വൈകി, പോസ്റ്റുമോർട്ടവും
തലശ്ശേരി: പുന്നോൽ ഉസ്സൻമൊട്ടയിൽ അപകടത്തിൽ മരിച്ച ഷാജി എന്ന ജോർജ് ജോസഫിന്റെ പൊലീസ് ഇൻക്വസ്റ്റ് നടപടി ക്രമങ്ങൾ ഏറെ നേരം വൈകിയത് പോസ്റ്റുമോർട്ടം വൈകാനിടയാക്കി. അപകടം നടന്നത് രാവിലെ എട്ടിനാണ്. വൈകീട്ട് 3.15 നാണ് പൊലീസ് തലശ്ശേരി ജനറൽ ആശുപത്രിയിലെത്തുന്നത്.
വെൽഫെയർ പാർട്ടി നേതാക്കൾ മരിച്ച ആളുടെ ബന്ധുക്കളുമായി സംസാരിച്ച് ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ എത്തുകയും പൊലീസിൽ സമ്മർദ്ദമുണ്ടാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടികൾ ത്വരിതപ്പെടുത്തുകയായിരുന്നു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയംഗം സി.പി. അഷ്റഫ്, ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി. അർഷാദ് എന്നിവരാണ് ഇടപെട്ടത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വായാട്ടുപറമ്പ് സെന്റ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

