സംസ്ഥാനത്ത് കാന്‍സര്‍ ഗ്രിഡ് രൂപവത്കരിക്കും -മുഖ്യമന്ത്രി
text_fieldsകോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ പി.ജി ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നിര്‍മിച്ച ട്രീറ്റ്മെന്റ് ആന്‍ഡ് അക്കാദമിക് ബ്ലോക്ക് കെട്ടിടസമുച്ചയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
തലശ്ശേരി: അർബുദം ചികിത്സ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍, ജില്ല ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ഉള്‍പ്പെടുത്തി കാന്‍സര്‍ ഗ്രിഡ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ പി.ജി ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നിര്‍മിച്ച ട്രീറ്റ്മെന്റ് ആന്‍ഡ് അക്കാദമിക് ബ്ലോക്ക് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർബുദം പ്രതിരോധിക്കുന്നതിനുള്ള സമഗ്രമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അർബുദത്തിനുള്ള മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്സ് പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലേക്ക് പ്രത്യേക കൗണ്ടര്‍ വഴി ഉയര്‍ന്ന വിലയുള്ള കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നുണ്ട്. വിപണിയില്‍ ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന മരുന്ന് 93 ശതമാനം വിലക്കുറവില്‍ 11,892 രൂപക്ക് രോഗികള്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെര്‍വിക്കല്‍ കാന്‍സര്‍ തടയാന്‍ വാക്സിനേഷന് നല്കാന് സംസ്ഥാനം തീരുമാനിച്ചതായും ജില്ല ആശുപത്രികളില്‍ അർബുദ ചികിത്സ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ രണ്ടര കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പൊതുജന ആരോഗ്യ സംവിധാനങ്ങളുടെ മികവിലൂടെ ആരോഗ്യരംഗത്ത് മികച്ച തലത്തില്‍ എത്തിനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. നവകേരള കര്‍മ പദ്ധതി രണ്ടിന്റെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ പത്ത് കാര്യങ്ങള്‍ വിഭാവനം ചെയ്തു. ഇതില്‍ ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധവും അർബുദരോഗ നിയന്ത്രണവും ഉള്‍പ്പെടുന്നുണ്ട്.
14 ജില്ലകളിലും കാന്‍സര്‍ കെയര്‍ പ്രോഗ്രാമുകള്‍ ആരംഭിച്ചു. ഇന്ന് 28ഓളം ജില്ല ആശുപത്രികളില്‍ കാന്‍സര്‍ ട്രീറ്റ്മെന്റ് നടക്കുന്നു. അർബുദരോഗികള്‍ കുറവുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യാതിഥിയായി. ഷാഫി പറമ്പില്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
ബി.എസ്.എന്‍.എല്‍ (സിവില്‍) ചീഫ് എന്‍ജിനീയര്‍ ആര്. സതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ ചെയര്പേഴ്സൻ കെ.എം. ജമുനാറാണി, വാര്‍ഡ് കൗണ്‍സിലര്‍ പി. വസന്ത, തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, എം.സി.സി.-പി.ജി.ഐ.ഒ.എസ്.ആര് ഡയറക്ടര്‍ ഡോ. ബി. സതീശന്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എൻജിനീയറിങ് ആന്‍ഡ് മെയിന്റനന്‍സ് പി.സി. റീന, ക്ലിനിക്കല്‍ ലബോറട്ടറി സര്‍വിസസ് ആന്‍ഡ് ട്രാന്സ്ലേഷനല് റിസര്‍ച്ച് വകുപ്പ് മേധാവി സംഗീത കെ. നായനാര്‍, കെ-ഡിസ്ക് മെംബര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

