തലശ്ശേരി-വടകര റൂട്ടിലെ ബസ് സമരം പിൻവലിച്ചു
text_fieldsതലശ്ശേരി: തലശ്ശേരി-വടകര റൂട്ടിലെ യാത്രക്കാരെ വലച്ച സ്വകാര്യ ബസുകളുടെ മിന്നൽസമരം പിൻവലിച്ചു. പണിമുടക്കിയ തൊഴിലാളികളുമായി മോട്ടോർ ട്രാൻസ്പോർട്ട് യൂനിയൻ നേതാക്കൾ മുൻകൈയെടുത്ത് നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം ഒത്തുതീർന്നത്. ഇതേതുടർന്ന് ശനിയാഴ്ച രാവിലെ മുതൽ ബസുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ തലശ്ശേരി-വടകര റൂട്ടിലോടുന്ന ദിവ്യശ്രീ ബസിൽ ചോറോട് റെയിൽവേ ഗേറ്റിന് സമീപം വിദ്യാർഥികളും കണ്ടക്ടറുമായി പാസ് സ്വീകരിക്കുന്നതുമായുണ്ടായ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. സംഘർഷത്തിൽ ബസ് ജീവനക്കാർക്കും രണ്ട് വിദ്യാർഥികൾക്കും മർദനമേറ്റു. കണ്ടക്ടറും ഡ്രൈവറും ആശുപത്രിയിലായതിനെത്തുടർന്നാണ് ഈ റൂട്ടിലോടുന്ന മറ്റ് ബസ് ജീവനക്കാരും മിന്നൽപണിമുടക്ക് നടത്തിയത്. സംഭവത്തിൽ നാല് വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബസ് ജീവനക്കാർ മർദിച്ചതായി വിദ്യാർഥികളും ആരോപിച്ചു. ട്രേഡ് യൂനിയനുകളുടെ ആഹ്വാനമില്ലാതെയാണ് തൊഴിലാളികൾ മിന്നൽസമരം നടത്തിയത്.

