റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിനശിച്ച നിലയിൽ
text_fieldsതായിനേരിയിൽ കത്തിനശിച്ച സ്കൂട്ടർ
പയ്യന്നൂർ: തായിനേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ അജ്ഞാതർ അഗ്നിക്കിരയാക്കി. തായിനേരിയിലെ എ. ആയിഷയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് തിങ്കളാഴ്ച പുലർച്ച കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.
ആയിഷയുടെ ഭർത്താവിന്റെ ഷോപ്പിലെ ജീവനക്കാരനായ അജിത്താണ് സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടത്. അജിത്തിന്റെ വീട്ടിലേക്ക് റോഡില്ലാത്തതിനാൽ തായിനേരിയിലെ എം.ആർ.സി.എച്ച് സ്കൂളിനു സമീപത്തെ റോഡരികിൽ നിർത്തിയിടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച അജിത്ത് സ്കൂട്ടർ എടുക്കാനെത്തിയപ്പോഴാണ് കത്തിയതായി കാണുന്നത്. സ്കൂട്ടർ പൂർണമായും കത്തിനശിച്ച നിലയിലാണ്. പരാതിയെ തുടർന്ന് പയ്യന്നൂർ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം സമീപത്തെ ഉളിയത്തുകടവിൽ സ്കൂട്ടർ പുഴയിൽ തള്ളിയിട്ട സംഭവമുണ്ടായിരുന്നു.

