വയോധികയുടെ വീട് കത്തിക്കൽ; പ്രതി അറസ്റ്റിൽ
text_fieldsസതീഷ്
കണ്ണൂർ: പാറക്കണ്ടിയില്‍ അഗതിയായ വയോധിക കോയ്യക്കണ്ടി ശ്യാമളയുടെ വീട് കത്തിച്ച കേസിൽ പ്രതി അറസ്റ്റിലായി. പാറക്കണ്ടി നരിയമ്പള്ളി ഹൗസിൽ സതീഷാണ് (ഉണ്ണി 63) ടൗൺ പൊലീസിന്റെ പിടിയിലായത്. ശ്യാമളയുടെ വീടിനോട് ചേർന്ന് ആക്രിസാധനങ്ങൾ കൂട്ടിയിട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിൽ. ഇയാൾ ചൂട്ടുമായി എത്തുന്ന ദൃശ്യങ്ങൾ സി.സി ടി.വി കാമറകളിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി തന്നെ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി.
തിങ്കളാഴ്ച പുലര്‍ച്ച 2.30ഓടെയാണ് വീടിന് പുറത്തെ ആക്രിസാധനങ്ങൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. രണ്ടുദിവസം മുമ്പും ആക്രിസാധനങ്ങൾക്ക് ഇയാൾ തീയിട്ടിരുന്നു. അന്ന് തീ പടരാത്തതിനാലാണ് അടുത്ത ദിവസം മണ്ണെണ്ണയുമായി എത്തിയത്. സംഭവസമയം വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന ശ്യാമള ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വയോധികയായ ശ്യാമള ബന്ധുക്കൾ മരിച്ച ശേഷം വർഷങ്ങളായി ഒറ്റക്കാണ് താമസം. വീടിനോട് ചേര്‍ന്ന് പഴയ ആക്രിസാധനങ്ങളും ടയറുകളും കാര്‍ബോര്‍ഡുകളും കൂട്ടിയിട്ടിരുന്നു. ഇതിന് തീകൊടുത്തപ്പോൾ വീട്ടിലേക്ക് പടരുകയായിരുന്നു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കണ്ണൂർ ബിവറേജിൽ ശുചീകരണ സഹായിയായും ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റുമാണ് ശ്യാമള ഉപജീവനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

