എടക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം
text_fieldsമോഷണം നടന്ന വീട്ടിൽ എടക്കാട് പൊലീസ് പരിശോധന
നടത്തുന്നു
എടക്കാട്: എടക്കാട് ഇണ്ടേരി ശിവക്ഷേത്രത്തിനു സമീപം പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം. ആന്ധ്രയിൽ ബിസിനസ് നടത്തുന്ന ടി.വി. ലത്തീഫിന്റെ ബൈത്തുൽ മഫാസിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ അയൽവാസിയായ വി.വി. ഹംസയാണ് വിവരം പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചത്. ഗേറ്റ് കടന്ന് മതിലിനകത്ത് കടന്ന മോഷ്ടാക്കൾ മുൻവശത്തെ വാതിൽ തകർത്ത് വീടിനകത്ത് കടക്കുകയായിരുന്നു. പൂട്ടിയിട്ട റൂമുകളും അലമാരയും വലിപ്പുമെല്ലാം കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടതായാണ് കാണപ്പെട്ടത്.
വീട്ടുടമ നാട്ടിലെത്തിയാലേ മോഷണത്തെ കുറിച്ച് എന്തെങ്കിലും പറയാനാവൂ എന്ന് സംഭവസ്ഥലത്ത് അന്വേഷണത്തിനെത്തിയ എടക്കാട് പൊലീസ് പറഞ്ഞു. മോഷണശ്രമം വ്യാഴാഴ്ച അർധരാത്രിയോടെയാണെന്നാണ് നിഗമനം. ആന്ധ്രയിൽ താമസിക്കുന്ന ലത്തീഫും കുടുംബവും വെള്ളിയാഴ്ച തന്നെ നാട്ടിലേക്ക് യാത്രതിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

