ബഡ്‌സ് ഒളിമ്പിയക്ക് ആവേശത്തുടക്കം
text_fieldsസംസ്ഥാന ബഡ്സ് കായികമേളയോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ അണിനിരന്ന വിദ്യാർഥികൾ
കണ്ണൂർ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ബഡ്‌സ് ബി.ആർ.സി വിദ്യാർഥികളുടെ കായികോത്സവം ബഡ്‌സ് ഒളിമ്പിയയുടെ രണ്ടാമത് പതിപ്പിന് കണ്ണൂരിൽ തുടക്കമായി.
പൊലീസ് പരേഡ് സിന്തറ്റിക് ഗ്രൗണ്ടിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബോബി എണ്ണച്ചേരിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രജനി മോഹൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗം എ. പ്രദീപൻ, ലിഷ ദീപക്, എസ്.കെ.പി സക്കറിയ, കെ.എം. സുനിൽകുമാർ, എം.വി. ജയൻ, കെ. വിജിത്ത് എന്നിവർ സംസാരിച്ചു.
പൊള്ളുന്ന വേനൽ ചൂടിലും തളരാത്ത പോരാട്ടം
ആദ്യ ദിനം 100 മീറ്റർ റേസ് ജൂനിയർ ബോയ്‌സ്, 100 മീറ്റർ റേസ് ജൂനിയർ ഗേൾസ്, 100 മീറ്റർ റേസ് സീനിയർ ബോയ്‌സ്, 100 മീറ്റർ റേസ് സീനിയർ ഗേൾസ്, ലോവർ എബിലിറ്റി ബോൾ ത്രോ രണ്ട് ഗോൾ പോസ്റ്റ് ബോയ്‌സ്, ലോവർ എബിലിറ്റി ബോൾ ത്രോ ഗേൾസ്, 50 മീറ്റർ ഹയർ എബിലിറ്റി വീൽചെയർ റേസ് ബോയ്‌സ്, 50 മീറ്റർ ഹയർ എബിലിറ്റി വീൽ ചെയർ റേസ് ഗേൾസ്, ലോവർ എബിലിറ്റി സോഫ്റ്റ് ബോൾ ത്രോ ബോയ്‌സ്, ലോവർ എബിലിറ്റി സോഫ്റ്റ് ബോൾ ത്രോ ഗേൾസ്, ഹയർ എബിലിറ്റി ബാസ്കറ്റ് ബോൾ ത്രോ ബോയ്‌സ്, ഹയർ എബിലിറ്റി ബാസ്കറ്റ് ബോൾ ത്രോ ഗേൾസ്, സ്റ്റാൻഡിങ് ബ്രോഡ്‌ജംപ് സബ് ജൂനിയർ ബോയ്‌സ്, സബ് ജൂനിയർ ഗേൾസ് എന്നിങ്ങനെ 15 മത്സരയിനങ്ങളാണ് ട്രാക്കിൽ നടന്നത്.
സമാപന ദിവസമായ ശനിയാഴ്ച 30 മത്സരയിനങ്ങളും നടക്കും. ജില്ലതല ബഡ്‌സ് കായിക മേളയിലെ വിജയികളായ 380 താരങ്ങളാണ് ട്രാക്കിൽ മത്സരിക്കുന്നത്.
വീൽചെയർ റേസിൽ സ്വർണവുമായി അരുൺ
കുടുംബശ്രീ സംസ്ഥാന ബഡ്സ് ഒളിമ്പിയയുടെ ആദ്യ ദിനം കണ്ണൂരിന്റെ ആദ്യ സ്വർണം പൊരുതി നേടി അരുൺ ബാബു. സീനിയർ ഹയർ എബിലിറ്റി വീൽചെയർ റേസിൽ വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ ആണ് അരുണിന്റെ നേട്ടം. ജില്ലതലത്തിലും ഇതേ ട്രാക്കിലെ വിജയം ആവർത്തിക്കാനായത് ഇരട്ടി മധുരമായി. കുറ്റിയാട്ടൂർ കുടുംബശ്രീ സി.ഡി.എസിന് കീഴിലെ സ്‌നേഹതീരം ബഡ്സ് സ്‌കൂൾ വിദ്യാർഥിയാണ് 27കാരനായ അരുൺ കുമാർ. ക്രിക്കറ്റും ഫുട്‌ബാളുമാണ് ഇഷ്ടവിനോദം.
സംസ്ഥാന ബഡ്സ് സ്‌കൂൾ കായികമേളയിൽ ഹയർ എബിലിറ്റി 50 മീറ്റർ വീൽചെയർ മത്സരത്തിൽ കുറ്റ്യാട്ടൂർ സ്‌നേഹതീരം ബഡ്സ് സ്കൂളിലെ എ. അരുൺ ബാബു ഒന്നാം സ്ഥാനം നേടുന്നു -ബിമൽ തമ്പി
കണ്ണൂരിനുവേണ്ടി ആദ്യ സ്വർണം നേടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അരുൺ പറഞ്ഞു. ഇത്തവണ കപ്പ് കണ്ണൂരിന്റെ മണ്ണിലേക്കുതന്നെ വരുമെന്ന ശുഭപ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

