സർട്ടിഫിക്കറ്റിന് കൈക്കൂലി; പട്ടുവം വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ
text_fieldsകൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പട്ടുവം വില്ലേജ് ഓഫിസർ ജസ്റ്റസ് ബെഞ്ചമിെൻറ മൊഴി വിജിലൻസ് ഡിവൈ.എസ്.പി രേഖപ്പെടുത്തുന്നു
തളിപ്പറമ്പ്: കൈക്കൂലി വാങ്ങുന്നതിനിടയിൽ പട്ടുവം വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിലായി. കൊല്ലം സ്വദേശി ബി. ജസ്റ്റസ് ബെഞ്ചമിനാണ് വിജിലൻസിെൻറ പിടിയിലായത്. കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പട്ടുവം മുള്ളൂൽ സ്വദേശി പ്രകാശനിൽനിന്ന് കൈക്കൂലി വാങ്ങവെയാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ച 12ഒാടെയാണ് സംഭവം. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിെൻറ നേതൃത്വത്തിലായിരുന്നു വിജിലൻസ് സംഘം എത്തിയത്. കെമിക്കൽ അനാലിസിസിന് ശേഷം വില്ലേജ് ഓഫിസറുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുടുംബസ്വത്ത് വീതിക്കാൻ ഫാമിലി മെംബർഷിപ് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിലെത്തിയ പ്രകാശനെ നിരന്തരം നടത്തിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം 5000 രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. പിന്നീട് 2000 രൂപയെങ്കിലും തന്നാൽ സർട്ടിഫിക്കറ്റ് ശരിയാക്കാമെന്ന് പറഞ്ഞതോടെ പ്രകാശൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കാഞ്ഞിരങ്ങാട് ക്വാർട്ടേഴ്സിലും വിജിലൻസ് പരിശോധന നടത്തി.