Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 12:16 AM GMT Updated On
date_range 4 Feb 2022 12:16 AM GMTbox ആടു മോഷണം; ഹൈറുന്നീസയും കുടുംബവും ഭീതിയിൽ
text_fieldsമോഷ്ടിച്ച ആടിനെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കശാപ്പുചെയ്ത് ഇറച്ചിയാക്കി അവശിഷ്ടങ്ങൾ കുഴിച്ചുമൂടി ഇരിട്ടി: ഒരുവർഷത്തിനിടെ രണ്ടാംതവണയും ആട്ടിൻകൂടിന്റെ പൂട്ടുതകർത്ത് മോഷ്ടാക്കൾ കശാപ്പിനായി ആടിനെ കവർന്നതോടെ ആറളം പറമ്പത്തെക്കണ്ടിയിലെ പിലാച്ചേരി ഹൗസിൽ ഹൈറുന്നീസയും കുടുംബവും ഭീതിയിലാണ്. മോഷ്ടിച്ച ആടിനെ വീടിനുസമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കശാപ്പു ചെയ്ത് ഇറച്ചിയാക്കിയശേഷം അവശിഷ്ടങ്ങൾ പറമ്പിൽതന്നെ കുഴിച്ചുമൂടുകയും ചെയ്തതോടെ ഇനിയെന്തുചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് കുടുംബം. മാസങ്ങൾക്കുമുമ്പ് നാലുമാസം പ്രായമായ ആടിനെയാണ് കൂടിന്റെ പൂട്ടുതകർത്ത് കൊണ്ടുപോയതെങ്കിൽ കഴിഞ്ഞ ദിവസം രണ്ടുവർഷം പ്രായമായ, രണ്ട് കുഞ്ഞുങ്ങളുള്ള തള്ളയാടിനെയാണ് മോഷ്ടിച്ചത്. ആറളം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് വീട്ടിലെത്തി പരിശോധിക്കുകയോ വീട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയോ ചെയ്തില്ലെന്ന പരാതിയുണ്ട്. ആടിനെ കശാപ്പു ചെയ്ത് അവശിഷ്ടങ്ങൾ കുഴിച്ചുമൂടിയ സ്ഥലത്ത് നോക്കി പൊലീസ് പോയതായും പിന്നീട് ഒന്നും ഉണ്ടായില്ലെന്നും കുടുംബക്കാരും സമീപവാസികളും പറഞ്ഞു. ആടിനെ പോറ്റി ഉപജീപനം നടത്തുകയാണ് കഴിഞ്ഞ അഞ്ചുവർഷമായി ഹൈറുന്നീസയും ഭർത്താവ് സലാഹുദ്ദീനും. വീടിനുപിറകിൽ വലിയ കൂടുണ്ടാക്കി വലിയ ആടുകളെയും കുട്ടികളെയും പ്രത്യേകം പ്രത്യേകം കൂടുകളിലാണ് വളർത്തിയിരുന്നത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാൽ ആന, കൂടിനടുത്ത് വരാതിരിക്കാൻ വൈദ്യുതി വിളക്കും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ആടിന്റെ കരച്ചിൽകേട്ട് വീട്ടുകാർ ഉണർന്നെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തൊട്ടടുത്ത ദിവസം രാത്രിയാണ് ആടിനെ മോഷ്ടിച്ചത്. ആടുകൾ തള്ളിത്തുറക്കാതിരിക്കാൻ കൂടിനുചുറ്റും വലിയ വടം കെട്ടിനിർത്തിയിരുന്നു. വടം അഴിച്ചുമാറ്റി പൂട്ടുതകർത്താണ് മോഷണം നടത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആടിന്റെ കാലും മറ്റും വലിച്ചെറിഞ്ഞതിന് സമീപത്തായി കുഴിയെടുത്ത് മറ്റ് അവശിഷ്ടങ്ങൾ മൂടിയതായും കണ്ടെത്തി. അസമയങ്ങളിലും മറ്റും പോകുന്നവരെ നിരീക്ഷിക്കുന്നതിന് പൊലീസ് പരിശോധന ഉണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. മേഖലയിൽ നിരവധി പേരാണ് ആടുമാടുകളെ വളർത്തി ഉപജീവനം തേടുന്നത്. മോഷണം പതിവായതോടെ എല്ലാവരിലും ആശങ്കയുണ്ടായിരിക്കുകയാണ്.
Next Story