കല്യാശ്ശേരിയില്‍ വ്യാപാരിയുടെ വീടിനുനേരെ ബോംബേറ്
text_fieldsകല്യാശ്ശേരിയിൽ ബോംബേറ് നടന്ന വ്യാപാരിയുടെ വീട് പൊലീസ് കമീഷണര്‍ പരിശോധിക്കുന്നു
കല്യാശ്ശേരി: വ്യാപാരിയുടെ വീടിനുനേരെ ബോംബേറ്. കല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ പലചരക്ക് വ്യാപാരി പി. സജീവന്റെ വീടിന് നേരേ തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെയാണ് ബോംബേറുണ്ടായത്. വീടിന്റെ കിടപ്പുമുറിയുടെ മുൻഭാഗത്തെ ജനലും ചില്ലുകളും തകർന്നു. തൊട്ടുസമീപത്തെ 30 മീറ്ററിനപ്പുറമുള്ള പി.പി. സുകുമാരന്റെ വീടിന്റെ ജനലിനും കേടുപാടുപറ്റി. ശക്തമായ ശബ്ദവും ജനൽ ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തെങ്കിലും വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കണ്ണൂരില്‍നിന്ന് ഫോറന്‍സിക് വിദഗ്ധർ സ്ഥലത്തെത്തി ആവശ്യമായ പരിശോധന നടത്തി. പൊലീസ് കമീഷണർ അജിത്കുമാർ, എ.സി.പി ടി.കെ. രത്നകുമാർ, എസ്.എസ്.ബി.എ.സി.പി കെ.പി. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി. കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.