റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി: പ്രതി അറസ്റ്റിൽ
text_fieldsറിയാസ്
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമയച്ചയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലുവയൽ സ്വദേശി റിയാസ് (29) ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്.
മദ്യലഹരിയിലാണ് ഇയാൾ വ്യാജ സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8.28നാണ് കണ്ണൂരിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ വന്നത്. ഉടൻ ഫോൺ സ്വിച്ച് ഓഫായി. ഇതോടെ ആർ.പി.എഫും കണ്ണൂർ റെയിൽവേ, ടൗൺ പൊലീസും ചേർന്ന് റെയിൽവേ സ്റ്റേഷനും പരിസരങ്ങളും അരിച്ചുപെറുക്കി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും വിശദ പരിശോധന നടത്തി.
പ്ലാറ്റ് ഫോം, പാർസൽ ഓഫിസ്, ക്ലോക്ക് റും കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലടക്കം തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടയിൽ ഫോൺ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. രാത്രി സിം കാർഡ് ഉടമയെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളല്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതിയെ ടൗൺ എസ്.ഐ സി.എച്ച്. നസീബ് അറസ്റ്റ് ചെയ്തത്.

