ചാൽ ബീച്ചിന് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം
text_fieldsഅഴീക്കോട് ചാൽ ബീച്ച്
കണ്ണൂർ: പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് നേട്ടം സ്വന്തമാക്കി അഴീക്കോട് ചാൽ ബീച്ച്. ഡെൻമാർക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജുക്കേഷൻ (എഫ്.ഇ.ഇ) എന്ന സംഘടനയാണ് വിശദമായ പരിശോധനകൾക്കു ശേഷം ബ്ലൂ ഫ്ലാഗ് പദവി നൽകിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാൽ ബീച്ച്. രാജ്യത്ത് 13 ബീച്ചുകൾക്കാണ് ഈ വർഷം ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചത്.
കെ.വി. സുമേഷ് എം.എൽ.എയാണ് ചാൽ ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ല കലക്ടർ അരുൺ കെ. വിജയൻ ചെയർമാനായ ചാൽ ബീച്ച് മാനേജ്മെന്റ് കമ്മിറ്റി അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജൈവവൈവിധ്യ സമ്പന്നമായ ചാൽ ബീച്ചിൽ ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് അംഗീകാരം ലഭിക്കാൻ വഴിയൊരുക്കിയത്. ജനുവരി ഒമ്പതിന് അഹ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റൽ എജുക്കേഷൻ (സി.ഇ.ഇ) കാമ്പസിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ചാൽ ബീച്ചിനു വേണ്ടി ഡി.ടി.പി.സി ബീച്ച് മാനേജർ പി.ആർ. ശരത്കുമാർ പതാക ഏറ്റുവാങ്ങി.
ബട്ടർഫ്ലൈ പാർക്കും കടലാമ പ്രജനന കേന്ദ്രവും
കണ്ണൂർ: സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ ബീച്ചിൽ ആരംഭിച്ച ബട്ടർഫ്ലൈ പാർക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് അഴീക്കോട് പഞ്ചായത്ത് മുഖേന പ്ലാസ്റ്റിക് നിർമാർജനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ, വാട്ടർ എ.ടി.എം എന്നിവയും ഹെർബൽ ഗാർഡനും ചാൽ ബീച്ചിനെ ആകർഷകമാക്കുന്നു. ബീച്ചിലെ സുരക്ഷിത നീന്തൽ മേഖലയായി വേർതിരിച്ചിരിക്കുന്ന ഭാഗത്തെ വെള്ളത്തിന്റെ ശുദ്ധി എല്ലാ മാസവും കൃത്യമായ ഇടവേളകളിൽ സംസ്ഥാന മലിനീകരണ ബോർഡ് മുഖേന പരിശോധിച്ച് ഉറപ്പാക്കാറുണ്ട്. ബീച്ചിലെ പ്രധാന കവാടത്തിന് ഇരുവശത്തും 150 മീറ്റർ വീതം സുരക്ഷിത നീന്തൽ മേഖലയാണ്.
സുരക്ഷ പരിശോധന നടത്തിയ ശേഷമാണ് 300 മീറ്റർ ഭാഗം സുരക്ഷിത നീന്തൽ മേഖലയായി വേർതിരിച്ചിട്ടുള്ളത്. കവാടത്തിനു ഇരുവശത്തുമായി 400 മീറ്റർ വീതം ദൂരം ബീച്ചിന്റെ അതിർത്തിയും അടയാളപ്പെടുത്തിയിട്ടുണ്. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷക്ക് രണ്ട് ലൈഫ് ഗാർഡുകളെ ഡി.ടി.പി.സി നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളം ലഭ്യമാക്കാൻ അഴീക്കോട് പഞ്ചായത്ത് രണ്ട് വാട്ടർ കിയോസ്ക്കുകളും മാലിന്യം ശേഖരിക്കാൻ മൂന്നു നിറങ്ങളിലുള്ള ബാസ്കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ജില്ല കലക്ടർ ചെയർമാനായ ചാൽ ബീച്ച് മാനേജ്മെന്റ് കമ്മിറ്റിയിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, വാർഡ് അംഗം കെ. ഹൈമ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്, ഡി.ടി.പി.സി സെക്രട്ടറി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ, സംസ്ഥാന മലിനീകരണ ബോർഡ് അംഗം, ബീച്ച് മാനേജർ തുടങ്ങിയവരാണ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

