പ്രവാചകനിന്ദ: പള്ളികളിലെ പ്രഭാഷണത്തിന് പൊലീസ് നിയന്ത്രണം
text_fieldsമയ്യിൽ പൊലീസ് മഹല്ലുകൾക്ക് നൽകിയ നോട്ടീസ്
കണ്ണൂര്‍: പ്രവാചകനിന്ദയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ പള്ളികളില്‍ ജുമുഅ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയിലെ മയ്യിൽ പൊലീസാണ് പ്രദേശത്തെ ഏതാനും പള്ളികള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്.
പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാർദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫിസറാണ് നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്.
ജില്ലയിൽ മറ്റെവിടെയും ഇതുവരെ ഇത്തരം പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തരമൊരു നിർദേശം പൊലീസിന് നൽകിയിട്ടില്ലെന്നാണ് ജില്ല പൊലീസ് അധികാരികൾ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി. മതപരമായി, വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പള്ളികളിലെ പ്രഭാഷണങ്ങളില്‍ ഉൾപ്പെടുത്താറുള്ളത്.
മതസൗഹാർദം തകര്‍ക്കുന്ന പ്രഭാഷണങ്ങള്‍ കേരളത്തിലെ ഒരു പള്ളിയിലും നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പള്ളികളിലെ പ്രഭാഷണങ്ങള്‍ മാത്രം നിയന്ത്രിക്കാനുള്ള പൊലീസിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.