ജില്ല പൊലീസ് ആസ്ഥാനത്തെ പിറന്നാൾ ആഘോഷം: കാന്റീനിൽ ജനങ്ങൾക്ക് വിലക്ക്
text_fieldsകണ്ണൂർ: സിറ്റി പൊലീസ് ആസ്ഥാനത്തു കയറി ഒരു സംഘം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തിനു പിന്നാലെ പൊലീസ് കാന്റീനിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
ഏറെ സുരക്ഷയുണ്ടാവേണ്ട സ്ഥലത്താണ് പുറമെ നിന്നെത്തിയ യുവതിയും സംഘവും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. ഇത് വിഡിയോ സഹിതം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അധികൃതർ സംഭവം അറിഞ്ഞത്. നിരവധി ആയുധങ്ങളടക്കം സൂക്ഷിച്ച മുറിക്കു സമീപത്തായാണ് പരസ്യമായി കേക്കു മുറിച്ച് ആഘോഷം നടത്തിയത്.
സംഭവം വിവാദമായതിനു പിന്നാലെ അഞ്ചുപേർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജ് പ്രത്യേക യോഗം വിളിച്ച് നടപടി കർശനമാക്കാൻ നിർദേശം നൽകുകയായിരുന്നു.
ജില്ല ആസ്ഥാനത്തെ പ്രവേശന കവാടത്തിൽ പരിശോധനക്കായി പൊലീസുകാരെ നിയോഗിച്ചു. അനുമതിയില്ലാതെ ആരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. പിന്നാലെ കഴിഞ്ഞ ദിവസം മുതൽ പൊലീസ് കാന്റീനിലേക്ക് പുറമെ നിന്നും ആളുകൾ വരുന്നതും നിർത്തലാക്കി ഉത്തരവിറക്കി. കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിനാണ് ഇതിന്റെ ചുമതല. നേരത്തെ കാന്റീനിൽ പുറമെ നിന്നടക്കം നിരവധിയാളുകൾ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു.
കുറഞ്ഞ വിലയിലാണ് ഇവിടെ ഭക്ഷണം നൽകിയിരുന്നത്. സുരക്ഷ വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് കാന്റീനിൽ പുറമെ നിന്നുള്ളവരുടെ പ്രവേശനം തടഞ്ഞത്. കഴിഞ്ഞ 16നാണ് പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്ന വീഡിയോ പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

