ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി
text_fieldsഇരിട്ടി: കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്ന സംഭവത്തിൽ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് കണ്ണൂർ റീജനൽ ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകിയത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭ പരിധിയിലെ എടക്കാനത്തും പരിസര പ്രദേശങ്ങളിലും ഒരുമാസം മുമ്പ് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്ന സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലത്തെത്തി അവശനിലയിലായ കാക്കയുടെ സാമ്പ്ൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തിൽ ജില്ല കലക്ടർ അരുൺ കെ. വിജയൻ ജാഗ്രത നിർദേശം നൽകി. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് സീനിയർ വെറ്ററിനറി സർജൻ എസ്. മഹേഷ്, ലാബ് ടെക്നീഷ്യൻ ഹിബ, മുഹമ്മദ് റാഫി, ജില്ല വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ ഡോ. കെ.കെ. ഷിനി, ജില്ല ബയോളജിസ്റ്റ് രമേശൻ, ടെക്നിക്കൽ അസിസ്റ്റന്റ് മുരളി, ജില്ല എപ്പിഡോമളജിസ്റ്റ് അഖിൽ രാജ്, ഇരിട്ടി ഹെൽത്ത് സൂപ്പർ വൈസർ സി.പി. സലിം, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ജെയിംസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. നസ് നസറി എന്നിവരുടെ നേതൃത്വത്തിൽ സാമ്പ്ൾ ശേഖരിച്ച് ആർ.ഡി.ബി എല്ലിന് കൈമാറിയത്.
എടക്കാനത്തും ഇരിട്ടി പ്രദേശങ്ങളിലും ചത്തുവീഴുന്ന കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും ജില്ല മെഡിക്കൽ ഓഫിസറും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച എടക്കാനം, ഇരിട്ടി പ്രദേശങ്ങളിൽ ആരോഗ്യ വിഭാഗം ഉന്നതതല സംഘം ഇന്നും നാളെയുമായി സന്ദർശനം നടത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
ഇരിട്ടി: കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്ന സംഭവത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചത് കാക്കയിലായതിനാൽ രോഗത്തിന്റെ പ്രഭവ കേന്ദ്രം വ്യക്തമല്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തി. ചത്ത പക്ഷിയെ ആഴത്തിൽ കുഴിയെടുത്ത് കാത്സ്യം കാർബണേറ്റ് ഇട്ട് നഗരസഭ പൊതുജനാരോഗ്യ വിഭാഗം സംസ്‌കരിക്കും. അജ്ഞാതമായ പനി, ശ്വാസകോശ അണുബാധ എന്നിവ പ്രദേശത്തെ ആളുകളിൽ റിപ്പോർട്ട് ചെയ്യുന്നത് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

