കണ്ണൂർ സർവകലാശാലയിൽ ബിരാക് ഇ യുവ സെന്റർ
text_fieldsകണ്ണൂർ: സർവകലാശാലക്ക് ഇ യുവ സെന്റർ (ഇ.വൈ.സി) അനുവദിച്ച് കേന്ദ്ര ഏജൻസിയായ ബിരാക് (ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ). ബിരുദ വിദ്യാർഥികൾമുതൽ ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഗവേഷണ -സംരംഭക പ്രവർത്തനം ലഭ്യമാക്കുക എന്നതാണ് ഇ യുവ സെന്ററുകളിലൂടെ ബിരാക് ലക്ഷ്യമിടുന്നത്.
സർവകലാശാലയുടെ പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി പഠനവകുപ്പിലാണ് ബിരാകിന്റെ ഇ യുവ സെന്ററിന് അനുമതി ലഭിച്ചിരിക്കുന്നത്. പ്രവർത്തനാനുമതിയോടൊപ്പം ഏകദേശം 266.5 ലക്ഷം രൂപയുടെ ധനസഹായമാണ് കണ്ണൂർ സർവകലാശാലക്ക് ബിരാകിൽനിന്ന് ലഭിക്കുക.
കേരളത്തിൽ ബിരാക് ഇ യുവ സെന്റർ അനുവദിക്കുന്ന ആദ്യത്തെ സർവകലാശാലയാണ് കണ്ണൂർ സർവകലാശാല.
തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഇൻക്യൂബേഷൻ സൗകര്യങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതുവഴി ഗവേഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഇ യുവ സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സംരംഭകത്വ ശിൽപശാലകളും ഇ യുവ സെന്ററുകൾ വഴി നടപ്പാക്കും.
മൂവായിരം സ്ക്വയർ ഫീറ്റിലധികം വരുന്ന ഇ യുവ സെന്ററിൽ അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ലാബുകളും ഇൻക്യൂബേഷൻ സൗകര്യങ്ങളുമാണ് സർവകലാശാല വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇൻക്യുബേഷൻ സൗകര്യങ്ങൾക്കും മാർഗനിർദേശങ്ങൾക്കും പുറമെ ഗവേഷണത്തിനും സംരംഭങ്ങൾക്കുമായി ധനസഹായം, ഫെലോഷിപ് എന്നിവയും ലഭിക്കും.
മൂന്നു വർഷത്തേക്കാണ് ഇ യുവ സെന്ററിന് അനുമതി. ഫെലോഷിപ്പുകൾക്കായി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിച്ച് പരിശോധിക്കുകയും വിഷയ വിദഗ്ധരടങ്ങുന്ന വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ ഇന്റർവ്യൂ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ബിരാകിന്റെ അനുമതിയോടുകൂടിയായിരിക്കും വിദ്യാർഥികൾക്ക് ഫെലോഷിപ്പുകളും ഇൻക്യൂബേഷൻ സൗകര്യങ്ങളും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

