കണ്ണൂരിൽ ഉയര്‍ന്ന തിരമാലക്ക് സാധ്യത; ജാഗ്രത പാലിക്കണം
text_fieldsകണ്ണൂർ: ജില്ലയിലെ തീരദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും (1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയത്ത് വെള്ളം കയറാനും കടലാക്രമണം രൂക്ഷമാകാനും സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടണം. കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കാന്‍ വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം.
മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള വിനോദസഞ്ചാര യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ഉയര്‍ന്ന തിരമാലകളുള്ളപ്പോള്‍ വള്ളങ്ങളും ബോട്ടുകളും കരക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കണം. ആഴക്കടലിലെ മത്സ്യബന്ധനം തുടരുന്നതില്‍ കുഴപ്പമില്ല.

