ഹാജിമെട്ടയിൽ അടിപ്പാത നിർമാണം തുടങ്ങി
text_fieldsപഴയ കല്യാശ്ശേരി രജിസ്ട്രാർ ഓഫിസിന് സമീപത്ത് ഹാജിമെട്ടയിൽ അടിപ്പാത നിർമാണം പുരോഗമിക്കുന്നു
കല്യാശ്ശേരി: മാങ്ങാടിനും കല്യാശ്ശേരിക്കും ഇടയിൽ പഴയ രജിസ്ട്രാർ ഓഫിസിന് സമീപത്ത് ഹാജിമെട്ടയിൽ അടിപ്പാത നിർമാണം തുടങ്ങി. കല്യാശ്ശേരി പഞ്ചായത്തിലെ സുപ്രസിദ്ധമായ ഹാജിമട്ട ഇടിച്ചു നിരത്തിയാണ് അടിപ്പാത നിർമാണം ആരംഭിച്ചത്. ഇവിടെ അടിപ്പാത വേണമെന്ന നിർദേശം ജനങ്ങൾ തുടക്കം മുതൽ ഉന്നയിച്ചതിനാൽ ഡി.പി.ആറിൽ തന്നെ അനുമതി ലഭിച്ചിരുന്നു. 500 മീറ്റർ അകലെ ടോൾപ്ലാസ വരുന്നതിനാൽ ഇവിടത്തുകാരുടെ യാത്രദുരിതമാകുമെന്ന് മുൻകൂട്ടി കണ്ടതിനാലാണ് അടിപ്പാതക്ക് അംഗീകാരം ലഭിച്ചത്.
മാങ്ങാട് ഹാജി മെട്ടയില് നിർമിക്കുന്ന ചെറു അടിപ്പാത ഏഴു മീറ്റർ വീതിയിലും മൂന്നു മീറ്റർ ഉയരത്തിലുമാണ്. ചെറു കാറുകൾ അടക്കമുള്ളവക്ക് ഇതിലൂടെ സുഗമമായി ഇരുഭാഗത്തേക്കും കടക്കാനാകും. മുസ്ലിം പള്ളി, മദ്റസ, ആശുപത്രി, ഗ്യാസ് വിതരണ കേന്ദ്രം, എന്നിവിടങ്ങളിലേക്ക് ഏറെ ഉപകരിക്കുന്നതാണ് ഹാജിമെട്ടയിലെ അടിപ്പാത. കൂടാതെ തളിപ്പറമ്പ്, എൻജിനീയറിങ് കോളജ്, പറശ്ശിനിക്കടവ് ഭാഗത്തേക്കും മാങ്കടവ്, കാട്യം റോഡുമായി ബന്ധിപ്പിക്കുന്നതിനും ഉപകാരപ്രദമാണ് ഈ അടിപ്പാത. കണ്ണൂർ റീച്ചിൽ ഹാജി മെട്ടയിൽ നിർമിക്കുന്ന ടോൾ പ്ലാസയുടെ നിർമാണവും പുരോഗമിക്കുകയാണ്. ദേശീയ പാത അധികൃതർ ഏറ്റവും അവസാനം പുറത്ത് വിട്ട ലിസ്റ്റ് പ്രകാരം ജില്ലയിൽ 25 ഇടങ്ങളിൽ പുതുതായി അടിപ്പാതകളും മേൽപ്പാതകളും നിർമിക്കും. ഇതിൽ 20 ചെറു അടിപ്പാതകളും മൂന്നു മേൽപ്പാതകളും ഒരിടത്ത് വലിയ അടിപ്പാതയും, ചെറു പാലവും നിർമിക്കും. 29 ഇടങ്ങളിൽ ആദ്യ ഡി.പി.ആർ അനുസരിച്ചുള്ള വിവിധ നിർമാണങ്ങളും പുരോഗമിക്കുകയാണ്.