പാർട്ടി അറിയാതെ ബാങ്കിൽ നിയമനം ; കോൺഗ്രസിൽ നടപടി
text_fieldsപത്മനാഭൻ
തളിപ്പറമ്പ്: നഗരസഭ വൈസ് ചെയർമാനും തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജാണ് ഇക്കാര്യം അറിയിച്ചത്.പ്രസിഡൻറ് സ്ഥാനത്തിരുന്ന് പാർട്ടി അറിയാതെ ബാങ്കിൽ നിയമനം നടത്തിയതിന് കൃത്യമായ വിശദീകരണം നൽകാത്തതാണ് നടപടിക്ക് കാരണം.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളിലുള്ള അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ ബാങ്ക് പ്രസിഡൻറ്, ഡയറക്ടർ സ്ഥാനങ്ങൾ രാജിവെക്കാൻ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയും മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും കല്ലിങ്കീൽ പത്മനാഭന് നിർദേശം നൽകിയിരുന്നു.
നാല് വർഷമായി ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടും മറ്റു ക്രമക്കേടുകൾ സംബന്ധിച്ചും നിരവധി പരാതികൾ മണ്ഡലം, ബ്ലോക്ക് ഭാരവാഹികളിൽനിന്ന് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ബാലകൃഷ്ണൻ മാസ്റ്റർ, എം.പി. വേലായുധൻ എന്നിവരെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
'ബ്ലോക്ക് സെക്രട്ടറിയുടെ രാജി അന്വേഷണം ഭയന്ന്'
തളിപ്പറമ്പ്: കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന എ.കെ. ഭാസ്കരൻ, സഹകരണ വകുപ്പിെൻറ അന്വേഷണം ഭയന്നാണ് കോൺഗ്രസ് വിട്ടതെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുറുമാത്തൂർ അഗ്രികൾചറൽ സൊസൈറ്റിയിൽ ക്രമക്കേടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിമത പ്രവർത്തനവും നടത്തിയതിെൻറ പേരിൽ പാർട്ടി നടപടി ഉറപ്പായതോടെ ഭാസ്കരൻ മറുകണ്ടം ചാടുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
രണ്ട് വർഷമായി എ.കെ. ഭാസ്കരൻ കോൺഗ്രസുമായി സഹകരിക്കാറില്ല. ബ്ലോക്ക് ഭാരവാഹി എന്ന നിലയിൽ ബ്ലോക്ക് കമ്മിറ്റിയിൽ അദ്ദേഹം പങ്കെടുക്കാറില്ല. കുറുമാത്തൂർ അഗ്രികൾചറൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയിലെ ക്രമക്കേടുകളെക്കുറിച്ച് പാർട്ടി അന്വേഷണ കമീഷനെ വെച്ച് അന്വേഷണം നടത്തിയതാണ് കാരണം. കഴിഞ്ഞ ലോക്സഭ, പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെതിരെ വിമത പ്രവർത്തനം നടത്തിയ ആളായിരുന്നു ഭാസ്കരനെന്നും നേതാക്കൾ ആരോപിച്ചു. ഭാസ്കരനെ പഞ്ചായത്ത് മെംബറാക്കിയതും രണ്ട് മക്കൾക്കും ജോലി നൽകിയതും പാർട്ടിയാണെന്നും ഇവർ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.വി. രവീന്ദ്രൻ, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സരസ്വതി, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.വി. നാരായണൻ, ബ്ലോക്ക് സെക്രട്ടറി കെ. ശശിധരൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.കെ. ഗൗരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

