തൃശൂരിൽ നിന്ന് 26 വർഷം മുമ്പ് കാണാതായ ബാബുവിനെ കണ്ണൂരിൽ നിന്ന് കണ്ടെത്തി
text_fieldsകണ്ണൂർ: 26 വർഷം മുമ്പാണ് തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് എം.പി. ബാബു മനയിലിനെ കാണാതായത്. എന്നാൽ, ഏതാനും ദിവസം മുമ്പ് ഒരു രാത്രി ബാബുവിനെ കണ്ണൂർ ടൗൺ പൊലീസ് കണ്ടെത്തി -പഴയ ബസ്സ്റ്റാൻഡിലെ ടൂറിസ്റ്റ് ഹോമിൽ..
സിറ്റി പൊലീസ് േമധാവി ആർ. ഇളങ്കോയുടെ നിര്‍ദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇതര ജില്ലക്കാരെയും അപരിചിതരെയും കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് വാസുവിെൻറ മകൻ ബാബു മനയിലിനെ (43) കണ്ടെത്തിയത്. ടൗൺ സ്റ്റേഷനിലെ പൊലീസുകാരായ രാജേഷ്, ഷിജു എന്നിവരാണ് ബാബുവിനെ കണ്ടെത്തിയത്. ഇയാളുടെ വിലാസം ശേഖരിച്ച പൊലീസ്, പുതുക്കാട് സ്റ്റേഷനുമായി ബന്ധപ്പെട്ടു.
ബാബുവിനെ കാണാതായത് സംബന്ധിച്ച് സ്റ്റേഷനിൽ കേസുണ്ടെന്ന് ഇവർ കണ്ണൂർ ടൗൺ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതിനെ തുടർന്ന് സഹോദരൻ കണ്ണൂരിലെത്തി ബാബുവിനെ കണ്ടു. 26 വർഷങ്ങൾക്ക് ശേഷമുള്ള സഹോദരങ്ങളുടെ മുഖാമുഖം വേറിട്ട കാഴ്ചയായി പൊലീസുകാർക്ക്. അതിനുശേഷം ബാബു അമ്മയുമായി വിഡിയോ കോളിൽ സംസാരിക്കുകയും ചെയ്തു. തുടർന്ന് അനുജൻ നാട്ടിലേക്ക് തിരിച്ചുപോയി. കണ്ണൂരിൽ പല ജോലിയുമെടുത്ത് ടൂറിസ്റ്റ് ഹോമിൽ കഴിയുന്ന ബാബു വൈകാതെ നാട്ടിലെത്താമെന്ന ഉറപ്പുനൽകിയാണ് അനുജനെ യാത്രയാക്കിയത്.